എസ്‍പിയുടെ മുതിർന്ന നേതാവ് രാം ഗോപാൽ യാദവാണ് പുൽവാമ ഭീകരാക്രമണം കേന്ദ്രസർക്കാരിന്‍റെ ഗൂഢാലോചനയാണെന്ന് ആരോപിച്ചത്. 

ലഖ്‍നൗ: പുൽവാമ ഭീകരാക്രണത്തിന് പിന്നിൽ കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഡാലോചന ആരോപിച്ച് എസ്‍പി നേതാവ് രാംഗോപാൽ യാദവ്. വോട്ടിന് വേണ്ടി ജവാൻമാരെ കൊന്നുവെന്നാണ് ആരോപണം. രാം ഗോപാൽ യാദവ് മാപ്പു പറയണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

പുൽവാമ ഭീകരാക്രമണവും തിരിച്ചടിയും ഉത്തര്‍ പ്രദേശ് അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമാണ്. ഇതിലൂടെ എസ്‍പി - ബിഎസ്‍പി സഖ്യത്തെ മറികടക്കാനാണ് പാര്‍ട്ടി ശ്രമം. ഈ സാഹചര്യത്തിലാണ് പ്രതിരോധവുമായി എസ്‍പി നേതാവ് രംഗത്തെത്തിയത്. 

പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉത്തര്‍ പ്രദേശിൽ നിന്നുള്ള ജവാൻമാരുമുണ്ട്. ഈ സാഹചര്യത്തിലാണ് പുൽവാമയ്ക്ക് പിന്നിൽ കേന്ദ്രസര്‍ക്കാര്‍ ഗൂഡാലോചനയെന്ന് സമാജ്‍വാദി പാര്‍ട്ടി ആരോപിക്കുന്നത്. സൈനികരുടെ വാഹനവ്യൂഹം സഞ്ചരിച്ച ജമ്മു - ശ്രീനഗര്‍ പാതയിൽ സുരക്ഷാ പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് രാജ്യസഭാംഗം കൂടിയായ രാം ഗോപാൽ യാദവിന്‍റെ ആരോപണം. സാധാരണ ബസുകളിലാണ് സിആർപിഎഫ് ജവാൻമാരെ കൊണ്ടു പോയത്. 

''വോട്ടിന് വേണ്ടി ജവാൻമാരെ കൊല്ലുകയായിരുന്നു. ഇതൊരു ഗൂഢാലോചനയാണ്. സർക്കാർ മാറട്ടെ. പുതിയ സർക്കാർ വരട്ടെ. സംഭവത്തിൽ അന്വേഷണം നടത്തും. ഇതിന് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരും.'' രാം ഗോപാൽ യാദവ് പറയുന്നു.

Scroll to load tweet…

ഭീകരരെ സഹായിക്കുന്ന പണിയും പ്രീണനവും നിര്‍ത്തൂ എന്നാണ് രാം ഗോപാൽ യാദവിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മറുപടി. സേനയുടെ ആത്മവീര്യം കെടുത്തുന്ന പരാമര്‍ശമെന്ന് ആദിത്യനാഥ് വിമര്‍ശിച്ചു.

Scroll to load tweet…