ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ നിന്ന് പുറത്ത് വന്നതായിരുന്നു. 

ചന്ദ്രബാബു നായിഡുവിന്‍റെ തെലുഗു ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുഗു മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു. 

പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് തെലുങ്ക് ദേശം പാ‍ർട്ടി വിട്ട ജയപ്രദ യുപിയിലേക്ക് ചുവടുമാറ്റി. സമാജ്‍വാദി പാർട്ടിയിൽ ചേ‍ർന്ന ജയപ്രദ യുപിയിലെ രാംപുരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി. 2004-ലിലും 2009-ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഇതിന് പിന്നാലെയായിരുന്നും അസംഖാൻ വിവാദം. അസംഖാൻ തന്‍റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് വരെ ജയപ്രദ ആരോപിച്ചിരുന്നു.

വിവാദത്തിന് പിന്നാലെ സമാജ്‍വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർഎൽഡിയിൽ ചേക്കേറി. 2014-ൽ ബിജ്നോർ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ജയപ്രദയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

ഫോട്ടോ: അരുൺ എസ് നായർ, ക്യാമറാമാൻ, ദില്ലി ബ്യൂറോ