മണ്ഡ്യയിലെ ജനങ്ങളുടെ ആഗ്രഹം താൻ മത്സരിക്കണമെന്നാണെന്ന് സുമലത ബെംഗളൂരുവിൽ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസിന്‍റെ സിറ്റിങ് സീറ്റ് നൽകാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. 

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. 

"മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെയീ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു." സുമലത പറഞ്ഞു.

മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. അതോടെ സുമലത സ്വതന്ത്രസ്ഥാനാര്‍ഥിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. മാണ്ഡ്യക്ക് പകരം മറ്റേതെങ്കിലും സീറ്റ് സുമലതയ്ക്ക് നല്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി. അതേസമയം,മാണ്ഡ്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്. പിന്തുണ നൽകുന്ന കാര്യത്തിൽ ബിജെപിയുടെ തീരുമാനം കാക്കുകയാണെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്ക് എതിരെയാകും മണ്ഡ്യയിൽ സുമലതയുടെ മത്സരം.