പാർട്ടിക്കുവേണ്ടി നടന്നുനടന്ന് ചെരിപ്പുതേഞ്ഞ പ്രവർത്തകരെ ബിജെപി ഓർക്കണം. കുറ്റിച്ചൂലുകൾക്കും വാക്വം ക്ലീനറുകൾക്കുമൊക്കെ കേരളത്തിലും ബിജെപി സീറ്റ് കൊടുക്കാൻ പോവുകയാണെന്ന് ജയശങ്കർ വിമർശിച്ചു.

തിരുവനന്തപുരം: ബിജെപിക്കുവേണ്ടി പ്രവ‍ർത്തിച്ചാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത കാലത്ത് പ്രവർത്തിച്ചവരെ ബിജെപി മറക്കരുതെന്ന് അഡ്വ ജയശങ്കർ. മറ്റ് പാർട്ടികളിൽ നിന്നുവരുന്ന ഏഴാം കൂലികളേയും എട്ടാം കൂലികളേയും സ്ഥാനാർത്ഥിയാക്കുമ്പോൾ പാർട്ടിക്കുവേണ്ടി നടന്നുനടന്ന് ചെരിപ്പുതേഞ്ഞ പ്രവർത്തകരെ ബിജെപി ഓർക്കണമെന്നും അദ്ദേഹം ന്യൂസ് അവറിൽ പറഞ്ഞു.

മാരാർജിയും വിനോദിനിയമ്മയും ദേവകിയമ്മ ടീച്ചറും പോലെയുള്ള പ്രവ‍ർത്തകർ പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവർത്തിച്ച പാർട്ടിയാണ് ബിജെപിയെന്ന് അ‍ഡ്വ ജയശങ്കർ പറഞ്ഞു. ഗുരുവായൂരിൽ വച്ച് കരുണാകരന്‍റെ ഉടുമുണ്ടഴിച്ച നേതാവായിരുന്നു വിനോദിനിയമ്മ. ബിജെപിക്കുവേണ്ടി നടന്ന് ചെരിപ്പുതേഞ്ഞയാളാണ് രാമൻപിള്ള. ഇപ്പോൾ കോൺഗ്രസിലിരുന്ന് കട്ടുമുടിച്ചവരൊക്കെ ബിജെപിയിലേക്ക് വരുകയാണ്. 

കോൺഗ്രസിൽ നിന്ന് കട്ടുകഴുവേറി പുറത്താകുന്നവർക്ക് കസേരയിട്ടുകൊടുക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് ജയശങ്കർ വിമർശിച്ചു. കുറ്റിച്ചൂലുകൾക്കും വാക്വം ക്ലീനറുകൾക്കുമൊക്കെ കേരളത്തിലും ബിജെപി സീറ്റ് കൊടുക്കാൻ പോവുകയാണ്. പാ‍ർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ കൊച്ചി കായലിൽ ചാടി ചാകുമെന്ന നിലയാണെന്നും ജയശങ്കർ പരിഹസിച്ചു.

വീഡിയോ കാണാം

"