കൊച്ചി: എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. മനു റോയ് മത്സരിക്കും. ഹൈക്കോടതി അഭിഭാഷകനായ മനു മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ മകനാണ്. എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മനു റോയ് മത്സരിക്കുക. അനൗദ്യോഗികമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞെന്ന് മനു റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്ഐയുടെ പാനലിൽ മത്സരിച്ചിട്ടുണ്ട് മനു റോയ്. ലോയേഴ്‍സ് യൂണിയൻ അംഗമായ മനു, മൂന്ന് തവണ ലോയേഴ്‍സ് അസോസിയേഷൻ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ പോളിന് ശേഷം മറ്റൊരു സ്വതന്ത്രനെ ഇറക്കി വിജയപരീക്ഷണം നടത്തുകയാണ് സിപിഎം. ലത്തീൻ സമുദായത്തിൽപ്പെട്ട ഒരാളെ മത്സരിക്കാനിറക്കാനാണ് സിപിഎം നേരത്തേ മുതലേ ആലോചിച്ചിരുന്നത്. ഇടയ്ക്ക് കഴിഞ്ഞ തവണ, 2016-ൽ സിപിഎമ്മിന് വേണ്ടി ഹൈബി ഈഡനെതിരെ മത്സരിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനിൽ കുമാറിനെ കളത്തിലിറക്കാനുള്ള സാധ്യതയും സജീവമായിരുന്നു.

ഡോ. കെ വി തോമസോ, ടി ജെ വിനോദ് കുമാർ പോലെ ഐ ഗ്രൂപ്പിന്‍റെ മറ്റേതെങ്കിലും സ്ഥാനാർത്ഥികളോ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ ലത്തീൻ സമുദായത്തിൽപ്പെട്ട, ഒരു സ്ഥാനാർത്ഥിയെ ഇറക്കാമെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പൊതുവേ ഇടത് അനുകൂല മണ്ഡലമല്ല എറണാകുളം. നഗരമേഖലയാണ് താനും. ഈ സാഹചര്യത്തിൽ ഒരു യുവമുഖത്തെ ഇറക്കി പരീക്ഷണം നടത്തുകയാണ് സിപിഎം. 1998-ൽ അന്നത്തെ സിറ്റിങ് എംഎൽഎയും ഇന്ന് എറണാകുളം എംപി ഹൈബി ഈഡന്‍റെ അച്ഛനുമായ ജോർജ്ജ് ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്‍റെ ലിനോ ജേക്കബിനെ തോൽപ്പിച്ച് നിയമസഭാംഗമായ സെബാസ്റ്റ്യൻ പോളിന്‍റെ ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയുണ്ട് സിപിഎമ്മിന്.