Asianet News MalayalamAsianet News Malayalam

28 വര്‍ഷത്തിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസിന് വനിതാ എംപി

ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും. 

after 28 years congress in kerala to have a women mp
Author
Alathur, First Published May 23, 2019, 6:42 PM IST

പാലക്കാട്: ആലത്തൂരിലെ അട്ടിമറി ജയത്തോടെ സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ താരോദയമായി മാറുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി രമ്യ ഹരിദാസ്. 1991-ല്‍ അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും നിന്നും ജയിച്ച സാവിത്രി ലക്ഷമണനാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച അവസാന കോണ്‍ഗ്രസുകാരി. അതിന് ശേഷം നീണ്ട 28  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിതയെ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നത്. 

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാര്‍ട്ടി രമ്യയെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്. ഇടതുപക്ഷത്തിന്‍റെ ഉറച്ചകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ വലിയ ജയസാധ്യതയൊന്നും തുടക്കത്തില്‍ രമ്യയ്ക്ക് കല്‍പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഊര്‍ജ്ജസ്വലമായ പ്രചാരണത്തിലൂടെ വളരെ വേഗം അവര്‍ മണ്ഡലത്തില്‍ നിറസാന്നിധ്യമായി.

നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്. 

എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ഇപ്പോള്‍ ഇടതുകോട്ടയില്‍ നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറുകയാണ്. യുവനേതാവ്, വനിതാ നേതാവ്, ദളിത് പ്രാതിനിധ്യം എന്നീ ഘടകങ്ങള്‍ രമ്യയുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും. രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടയാള്‍ എന്ന പരിഗണനയിലും ഭാവിയില്‍ അവര്‍ക്ക് ലഭിക്കും. 

Follow Us:
Download App:
  • android
  • ios