Asianet News MalayalamAsianet News Malayalam

കേരളത്തില്‍ എഐസിസി ഇടപെടല്‍: പ്രചാരണം വിലയിരുത്താന്‍ നാളെ അടിയന്തരയോഗം

അതേസമയം പ്രചാരണത്തിലെ പാളിച്ചകളെക്കുറിച്ചുള്ള തരൂരിന്‍റെ പരാതിയില്‍ കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായാണ് കെപിസിസിയുടെ വിലയിരുത്തല്‍

aicc calls for a review meeting
Author
Thiruvananthapuram, First Published Apr 13, 2019, 4:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ നാളെ എഐസിസി യോഗം വിളിച്ചു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ അധ്യക്ഷതയിലാണ് യോഗം. 

സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലേയും പ്രചാരണത്തിന്‍റെ പുരോഗതി നാളെ നടക്കുന്ന യോഗം വിലയിരുത്തും. തിരുവനന്തപുരത്ത് യുഡിഎഫ് ശശി തരൂരിന്‍റെ പ്രചാരണത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നില്ലെന്ന പരാതി എഐസിസി ഗൗരവമായാണ് എടുത്തിരിക്കുന്നത്. 

തിരുവനന്തപുരത്തെ പ്രചാരണ പുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനും എഐസിസി പ്രത്യേക പ്രതിനിധിയെ നിയമിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുന്‍ ബിജെപി എംപിയായ നാനാ പഠോലെയാണ് തിരുവനന്തപുരത്തേക്ക് നിയമിച്ചത്. ആര്‍എസ്എസിലും പ്രവര്‍ത്തിച്ചു പരിചയമുള്ള നാനാ പഠോലയുടെ സാന്നിധ്യം ബിജെപിക്കും ആര്‍എസ്എസിനും ശക്തമായ സംഘടനാ സംവിധാനമുള്ള തിരുവനന്തപുരത്ത് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ ശശി തരൂരിനെ പോലെയൊരാള്‍ മത്സരിക്കുന്ന, ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു വന്ന കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്ന തിരുവനന്തപുരം മണ്ഡലത്തിന് എഐസിസി വലിയ പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. 

തിരുവനന്തപുരം കൂടാതെ പാലക്കാട്ടും പ്രചാരണം പാളിയെന്ന പരാതി കെപിസിസിക്കും എഐസിസിക്കും ലഭിച്ചിട്ടുണ്ട്. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ സ്വന്തം നിലയില്‍ പ്രചാരണം നടത്തുവെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെടുന്നത്. ഈ വിഷയവും നാളെ നടക്കുന്ന യോഗം പരിശോധിക്കും എന്നാണ് സൂചന. എഐസിസി അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണ പുരോഗതിയും ചര്‍ച്ചയാവും. 

അതേസമയം പ്രചാരണത്തിലെ പാളിച്ചകളെക്കുറിച്ചുള്ള തരൂരിന്‍റെ പരാതിയില്‍ കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടതോടെ സ്ഥിതിഗതികള്‍ കുറേ മെച്ചപ്പെട്ടതായാണ് കെപിസിസിയുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ പ്രചാരണം കൂടുതല്‍ സജീവമായെന്ന് നേതൃത്വം പറയുന്നു.  

Follow Us:
Download App:
  • android
  • ios