ദില്ലി: കോൺഗ്രസിന്‍റെ വിവിധ തലങ്ങളിൽ ച‍ർച്ച ചെയ്യാനുള്ള സ്വാഭാവിക കാലതാമസമേ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടുള്ളുവെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അക്കാര്യത്തിൽ ആരും അതൃപ്തി അറിയിച്ചിട്ടില്ലെന്നും അനിശ്ചിതത്വം ഒഴിവാക്കണമെന്നുള്ള അഭിപ്രായപ്രകടനം മാത്രമായിരുന്നു മുസ്ലീം ലീഗിന്‍റേതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മത്സരം സിപിഎമ്മിനെതിരായതാണെന്ന് പറയുന്നതിൽ യാതൊര‍ർത്ഥവുമില്ലെന്നും വേണുഗോപാൽ.

രാഹുൽ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതിൽ വലിയ ആവേശമാണ് ഇപ്പോൾ കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനം എടുത്തത്.