ലഖ്‍നൗ: സഖ്യ പ്രഖ്യാപനത്തിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പിടിച്ചുകെട്ടാമെന്നായിരുന്നു സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കണക്കുകൂട്ടിയത്. എന്നാല്‍ എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ കണക്കുകൾ മറികടന്ന് ഉത്തര്‍പ്രദേശില്‍  ബിജെപി അത്ഭുതകരമായ മുന്നേറ്റം നടത്തി. ഇനി അഖിലേഷ് യാദവ് ലക്ഷ്യം വെക്കുന്നത് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിനായി  പ്രവര്‍ത്തിക്കാന്‍ അണികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഖിലേഷ് യാദവ്. സമയം പാഴാക്കാതെ ക്യാമ്പെയ്ന്‍ ആരംഭിക്കാനും കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി നടത്തുന്ന ജന വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ ജനങ്ങളെ ബോധവാന്മാരാക്കാനുമാണ് അഖിലേഷ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബിഎസ്‍പിയുമായുള്ള സഖ്യത്തിന്‍റെ ഭാവിയെക്കുറിച്ച് അഖിലേഷ് ഒരുവാക്ക് പോലും പറഞ്ഞില്ല. 

കണക്കുകളും വസ്തുതകളും നന്നായി പഠിച്ച് ബിജെപിയെ ചര്‍ച്ചക്ക് വിളിച്ച് അവരെ ജനമധ്യത്തില്‍ തുറന്നുകാട്ടണം.   2017 ല്‍ ബിജെപിക്ക് വോട്ട്  ചെയ്തവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമാജ്‍വാദി പാര്‍ട്ടി 2022 ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും. വീണ്ടും അധികാരത്തില്‍ എത്താനായി കഠിനമായി പ്രയ്‍ത്നിക്കനാണ് പ്രവര്‍ത്തകരോട് അഖിലേഷ് യാദവിന്‍റെ നിര്‍ദ്ദേശം.