Asianet News MalayalamAsianet News Malayalam

കോ-ലീ-ബീ, കോ-മാ,മാ-ബീ: രഹസ്യസഖ്യങ്ങളെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുന്നു

ജയിച്ചുകഴിഞ്ഞാൽ കോൺഗ്രസുകാരെല്ലാം  ബിജെപിയാകുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. ബിജെപിയുമായി രഹസ്യബന്ധമുണ്ടാക്കിയിട്ട് ഇടതുമുന്നണി മുൻകൂർ ജാമ്യമെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.

allegation war over secret alliance
Author
Thiruvananthapuram, First Published Mar 21, 2019, 1:30 PM IST

തിരുവനന്തപുരം: എതിർപക്ഷം രഹസ്യ ധാരണകളുണ്ടാക്കുന്നെന്ന ആരോപണത്തിൽ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്പോര് തുടരുന്നു. മുഖ്യമന്ത്രിയും  പ്രതിപക്ഷ നേതാവുമാണ് ഇന്ന് ഇതേച്ചൊല്ലി ഏറ്റുമുട്ടിയത്.

കോ-ലീ-ബീ, കോ-മാ, മാ-ബീ... രഹസ്യസഖ്യങ്ങളുടെ ചുരുക്കപ്പേരുമായാണ് പോര് രണ്ടാം ദിവസം തുടരുന്നത്. ജയിച്ചുകഴിഞ്ഞാൽ കോൺഗ്രസുകാരെല്ലാം  ബിജെപിയാകുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനം. ബിജെപിയുമായി രഹസ്യബന്ധമുണ്ടാക്കിയിട്ട് ഇടതുമുന്നണി മുൻകൂർ ജാമ്യമെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.

വ്യാപക ഒത്തുകളിയാണെന്നാണ് സിപിഎം ആരോപണമെങ്കിലും തിരുവനന്തപുരവും വടകരയും ഊന്നിയാണ് അവര്‍ കോ-ലീ-ബീ സഖ്യം എന്ന ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ രാജ്യവ്യാപകമായി ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നതെന്നും അതിലെവിടെയാണ് സഖ്യസാധ്യതയെന്നുമാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. വടകരയിലേയും തിരുവനന്തപുരത്തേയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇക്കാര്യത്തില്‍ ഇന്ന് പ്രതികരിക്കുകയും ചെയ്തു. 

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കണമെന്നും ബിജെപിക്ക് മത്സരിക്കാന്‍ ഇടം കിട്ടരുതെന്നുമാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പറഞ്ഞു. വിശ്വപൗരനും സന്ന്യാസിയും തമ്മിലുള്ള പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും, അതിന്‍റെ ഇടയില്‍ കൂടി നമ്മുക്ക് കയറണം എന്നാണ് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സി.ദിവാകരനെ ഇരുത്തി മുഖ്യമന്ത്രി പറഞ്ഞതെന്ന് മുരളീധരന്‍ ആരോപിക്കുന്നു. 

രാഷ്ട്രീയമായി തന്നെ വേട്ടയാടുന്ന ബിജെപിയുമായി എന്ത് സഖ്യമാണ് സിപിഎം ആരോപിക്കുന്നതെന്നാണ് തരൂരിന്‍റെ ചോദ്യം.രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും സിപിഎമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി ബിജെപിക്ക് ചെയ്യുന്നത് പോലെയാണെന്നും ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. 

Follow Us:
Download App:
  • android
  • ios