നിരാശ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കൾക്കെതിരെ ട്രോളുമായി വരുന്നതെന്നാണ് കണ്ണന്താനത്തിന്‍റെ പക്ഷം. തന്റെ ഫേസ്ബുക്ക് ഐഡി പോലും തനിക്ക് അറിയില്ലെന്ന് കണ്ണന്താനം 

കൊച്ചി: സൈബർ ട്രോളുകൾക്ക് മറുപടിയുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. നിരാശ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കൾക്കെതിരെ ട്രോളുമായി വരുന്നതെന്നാണ് കണ്ണന്താനത്തിന്‍റെ പക്ഷം. തന്റെ ഫേസ്ബുക്ക് ഐഡി പോലും തനിക്ക് അറിയില്ലെന്ന് കണ്ണന്താനം പറഞ്ഞു. 

ചർച്ചകളുടെ നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട കണ്ണന്താനം ട്രോളൊന്നും കാണാറില്ലെന്നും ഇവ തന്നെ ഏശാറില്ലെന്നും വ്യക്തമാക്കി. ഒരു തൊഴിലും ഇല്ലാത്ത യുവജനമാണ് ട്രോളുകള്‍ സൃഷ്ടിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. എന്തായാലും താന്‍ കാരണം മലയാളികള്‍ ചിരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ ഉള്ള കേരളത്തിലെ യുവാക്കള്‍ ഗള്‍ഫിലാണ് ഉള്ളത്. അവിടെ നിന്ന് തിരിച്ച് എത്തുന്നവര്‍ക്ക് ട്രോളുകള്‍ ഉണ്ടാക്കുന്നതാണ് ആശ്വാസമാകുന്നത്. ചുറ്റുപാടുകളിലെ ഫ്രസ്ട്രേഷൻ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ട്രോളുകളിലൂടെ തന്നെ വധിക്കുന്നതെന്ന് അൽഫോൺസ് കണ്ണന്താനം കൊച്ചിയില്‍ പറഞ്ഞു. തന്‍റെ പൊതുജീവിതം പാരമ്പര്യം അങ്ങനെ ട്രോളന്മാരുടെ മുന്നിൽ അടിയറവ് വയ്ക്കില്ലെന്ന് ഉറപ്പിച്ച് കണ്ണന്താനം.