ഇന്ന് മൂന്ന് വേദികളില്‍ പ്രസംഗിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അതിലൊരു മണ്ഡലത്തില്‍ മമതയുടെ അനന്തരിവനാണ് മത്സരിക്കുന്നത്. ഇതോടെ ഭയന്ന മമത ബാനര്‍ജി ബിജെപിക്ക് റാലി നടത്താന്‍ അനുമതി നല്‍കിയില്ലെന്ന് അമിത് ഷാ പറഞ്ഞു

ജോയ്നഗര്‍: ബിജെപിക്ക് റാലി നടത്താനും തന്‍റെ ഹെലികോപ്റ്റര്‍ ഇറക്കാനും ബംഗാളില്‍ അനുമതി നിഷേധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരണവുമായി അമിത് ഷാ. അനുമതി നിഷേധിച്ച വാര്‍ത്ത പുറത്തു വരികയും അമിത് ഷാ റാലി ഒഴിവാക്കുകയും ചെയ്തതോടെ ജാവദ്‍പൂരില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമുണ്ടായി.

ഇതിനിടെ സൗത്ത് 24 പര്‍ഗനാസില്‍ റാലിയില്‍ പങ്കെടുത്ത അമിത് മമത ബാനര്‍ജിക്കെതിരെ പൊട്ടിത്തെറിച്ചു. താന്‍ ഇന്ന് മൂന്ന് വേദികളില്‍ പ്രസംഗിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അതിലൊരു മണ്ഡലത്തില്‍ മമതയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. ഇതോടെ ഭയന്ന മമത ബാനര്‍ജി ബിജെപിക്ക് റാലി നടത്താന്‍ അനുമതി നല്‍കിയില്ലെന്ന് അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനും അമിത് ഷാ മടിച്ചില്ല. താന്‍ ജയ് ശ്രീറാം വിളികള്‍ മുഴക്കുകയാണ്. ധെെര്യമുണ്ടെങ്കില്‍ കൊല്‍ക്കത്ത വിടും മുമ്പ തന്നെ അറസ്റ്റ് ചെയ്യാനാണ് വെല്ലുവിളി. നേരത്തെ, തനിക്ക്‌ നേരെ 'ജയ്‌ ശ്രീറാം' മുദ്രാവാക്യം വിളിച്ചവര്‍ക്ക്‌ മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്‌ വന്നിരുന്നു. 

അങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷവും ബംഗാളില്‍ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോകരുത്‌ എന്നായിരുന്നു മമതയുടെ പ്രസ്‌താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മമതയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

രാഷ്ട്രീയപ്പോര് കനക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിടെ വീണ്ടും അമിത് ഷായുടെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന്‍റെ പ്രചാരണത്തിനായി റാലി നടത്താന്‍ അമിത് ഷാ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.