ഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റിനിർത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് അമിത് ഷാ. നരേന്ദ്രമോദിയുടെ രഥവേഗങ്ങളുടെ സാരഥി. ഒന്നിനുപുറകേ ഒന്നായി തെരഞ്ഞെടുപ്പുകൾ വിജയിച്ചുകയറുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരൻ. വിമർശനങ്ങളെ പോലും സാധ്യതകളും വിജയോപാധികളുമാക്കി മാറ്റുന്ന രാഷ്ട്രീയ കൗടില്യൻ. വിശേഷണങ്ങൾ ഏറെയാണിന്ന് അമിത് ഷായ്ക്ക്.

സംഘ‍ടനാതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി, 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന ലക്ഷ്യവും മുദ്രാവാക്യവും മുന്നോട്ടുവച്ച്, അത് ഏതാണ്ട് നടപ്പാക്കി അതിശക്തനായ നേതാവായി മാറിയ അമിത് ഷാ ഭരണരംഗത്തേക്കെത്തുമ്പോൾ കൃത്യമായി അധികാരം, മോദിയിലും അമിത് ഷായിലുമൊതുങ്ങും എന്ന കാര്യം ഉറപ്പാവുകയാണ്. അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ താക്കോൽസ്ഥാനങ്ങളിലൊന്ന് അമിത് ഷായ്ക്ക് ലഭിക്കുമെന്നുറപ്പാണ്.

പ്രതിരോധമോ, ധനവകുപ്പോ, വിദേശകാര്യമോ - നിർണായകമായ ഈ മൂന്ന് വകുപ്പുകളിൽ ഏതാകും അമിത് ഷായ്ക്ക് ലഭിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പ്, മോദി 2.0 ടീമിൽ അധികാരവികേന്ദ്രീകരണമില്ല. അധികാരം ഇനി മോദി - ഷാ ദ്വന്ദ്വങ്ങളിൽ ഒതുങ്ങും.

അമിത് ഷാ പാർട്ടി തലപ്പത്ത് നിന്ന് മാറുമ്പോൾ ആര് ബിജെപി സംസ്ഥാനാധ്യക്ഷനാകും എന്നത് നിർണായകമാവും. ജെ പി നദ്ദ ബിജെപി അധ്യക്ഷപദത്തിലേക്ക് എത്തുമെന്നാണ് സൂചന. നദ്ദ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. നേരത്തേ അമിത് ഷായുടെ അഞ്ച് വ‌ർഷത്തെ കാലാവധി ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ചേർന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവം ഈ കൂട്ടുകെട്ട്

മോദി കാണാത്തത് അമിത് ഷാ കാണും, അമിത് ഷാ കാണുന്നതിനപ്പുറം മോദി മുന്നേറിക്കളിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ രാഷ്ട്രീയം കണ്ടത് ഈ രണ്ടു നേതാക്കളുടെ മാനസിക രസതന്ത്രത്തിന്‍റെ വിജയമാണ്. സംഘടനയുടെ കടിഞ്ഞാൺ അമിത്ഷായുടെ കയ്യിൽ ഭദ്രമായപ്പോൾ പാർലമെന്‍ററി രംഗത്തെ പടക്കുതിരയായി നരേന്ദ്ര മോദി അധികാര രാഷ്ട്രീയത്തിന്‍റെ അശ്വവേഗങ്ങൾ താണ്ടി. ഇതിനുമുമ്പ് ഇത്തരമൊരു കൂട്ടുകെട്ട് ഇന്ത്യൻ ജനാധിപത്യം കണ്ടിട്ടില്ല. 

സത്യപ്രതിജ്ഞാ ദിവസം രാവിലെ മോദിയും അമിത്ഷായും

മൊറാർജി ദേശായിക്കും ഇന്ദിരാ ഗാന്ധിക്കും ഇടയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ചൗധരി ചരൺസിംഗും ഇന്ദിരാഗാന്ധിയെ റായ്ബറേലിയിൽ തോൽപ്പിച്ച ജനതാ പാർട്ടി നേതാവ് രാജ് നാരായണും തമ്മിലുള്ള കൂട്ടുകെട്ടിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ ആത്മബന്ധങ്ങളിലൊന്നായി ചില ചരിത്രകാരന്‍മാരെങ്കിലും കണക്കാക്കാറുണ്ട്. ചരൺസിംഗിന്‍റെ ഹനുമാനായിരുന്നു രാജ് നാരായണനെന്നായിരുന്നു വിശേഷണം. എന്നാൽ ആ കൂട്ടുകെട്ട് ക്ഷിപ്രകാലത്തേക്കായിരുന്നു. ജനതാ സർക്കാരിന്‍റെ വീഴ്ചയെത്തുടർന്ന് ജനതാപാർട്ടി പലതായി ചിതറി.  ലോക് ദളായി മാറിയ ജനതാ പാർട്ടിയുടെ പല കഷണങ്ങളുടെ നേതാക്കളായി ചരൺ സിംഗും രാജ് നാരായണനും മാറി. അതിൽപ്പിന്നെ അത്തരമൊരു കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അന്യമായിരുന്നു.

മോദിയും അമിത് ഷായും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ

ജവഹർലാൽ നെഹ്രുവിനും ഇന്ദിരാ ഗാന്ധിക്കും പോലും അമിത് ഷായെപ്പോലെ ഒരു രാഷ്ട്രീയ പങ്കാളിയെ കിട്ടിയിട്ടില്ല. രാഷ്ട്ര തന്ത്രജ്ഞരെന്ന നിലയിൽ ശോഭിക്കുമ്പോഴും എഐസിസി അധ്യക്ഷപദവിയും പ്രധാനമന്ത്രി പദവിയും ഒരുമിച്ച് കൈവശം വയ്ക്കുന്നതിന്‍റെ ഉത്തരവാദിത്തവും സമ്മർദ്ദവും അവർക്കുണ്ടായിരുന്നു. എന്നാൽ മോദിയുടെ രാഷ്ര്ടീയ വിജയങ്ങൾക്ക് സംഘടനാ സംവിധാനം കൊണ്ട് വഴി വെട്ടാനും അധികാരസ്വാധീനം കൊണ്ട് സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാനും മോദി-അമിത് ഷാ ദ്വന്ദ്വങ്ങൾ പരസ്പരപൂരകങ്ങളായി.

വിപണിയറിഞ്ഞ് കളിക്കുന്ന വ്യാപാരിയുടെ കണിശത

മുംബൈയിലെ പരമ്പരാഗത ബനിയ  വ്യവസായ കുടുംബത്തിലായിരുന്നു അമിത് ഷായുടെ ജനനം. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായി അദ്ദേഹം ഒരു കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. വിപണിയറിഞ്ഞ് കാശിറക്കുന്ന കണിശക്കാരനായ വ്യാപാരിയുടെ കൃത്യതയും കമ്പോളത്തിലെ കയറ്റിറക്കങ്ങൾ കണക്കുകൂട്ടി കളിക്കുന്ന ഓഹരി ദല്ലാളിന്‍റെ സൂഷ്മതയും രാഷ്ട്രീയ ജീവിതത്തിലുടനീളം അമിത് ഷാ ഉപയോഗിച്ചു. മുംബെയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം അഹമ്മദാബാദിലെ യു സി ഷാ കോളേജിൽ ബയോ കെമിസ്ട്രി വിദ്യാർത്ഥിയായാണ് അമിത് ഷാ ഗുജറാത്തിലെത്തുന്നത്. പക്ഷേ രാഷ്ട്രീയ രസതന്ത്രത്തിന്‍റെ രാസസംയുക്തങ്ങളിൽ പരീക്ഷണം നടത്താനായിരുന്നു അമിത് ഷായുടെ നിയോഗം.

വന്നു, കണ്ടു, കീഴടക്കി

പഠനത്തിനൊപ്പം എബിവിപിയുടേയും ആർഎസ്എസിന്‍റേയും പ്രവർത്തനത്തിൽ സജീവമായ അമിത്ഷാ അഹമ്മദാബാദിൽ വച്ച് 1982 -ൽ തന്‍റെ പതിനെട്ടാം വയസിൽ നരേന്ദ്രമോദിയെ കണ്ടുമുട്ടി. അഹമ്മദാബാദിലെ ചെറുപ്പക്കാരെ ആർഎസ്എസിലേക്ക് ആകർഷിക്കാൻ നിയുക്തനാക്കപ്പെട്ട പ്രചാരകനായിരുന്നു അക്കാലത്ത് നരേന്ദ്രമോദി. നാലുകൊല്ലത്തിനപ്പുറം 1986 -ൽ അമിത്ഷാ ബിജെപിയുടെ പ്രാഥമിക അംഗമായി. യുവമോർച്ചയിലൂടെ പടിപടിയായി സംഘടനയിൽ ഉയർന്ന അമിത്ഷാ നേതൃത്വത്തിന്‍റെ വിശ്വാസം വളരെവേഗം നേടിയെടുത്തു. 1991 -ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്വാനിയുടെ മുഖ്യപ്രചാരകൻ അമിത് ഷാ ആയിരുന്നു.  അദ്വാനിയെയും മുരളി മനോഹർ ജോഷിയേയുമെല്ലാം ദേശീയ നേതൃത്വത്തിൽ നിന്നും പാർലമെന്‍ററി ബോർഡിൽനിന്നും മാർഗ്ഗദർശക് മണ്ഡലിലേക്ക് കുടിയിരുത്തി ബിജെപിയിൽ തലമുറമാറ്റം പൂർത്തിയാക്കാൻ അമിത് ഷായ്ക്ക് വേണ്ടിവന്നത് മൂന്ന് പതിറ്റാണ്ട്.

അമിത് ഷായുടെ ആരാധ്യർ

അഹമ്മദാബാദിലെ നരാൻപുരയിലുള്ള അമിത്ഷായുടെ വീടിന്‍റെ സ്വീകരണമുറിയിൽ രണ്ട് ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ വച്ചിട്ടുണ്ട്. ഒന്ന് ആദിശങ്കരന്‍റേത് പിന്നെ ചാണക്യന്‍റേത്. എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പെന്ന് ഒരു മാധ്യമപ്രവർത്തകൻ ഒരിക്കൽ അമിത് ഷായോട് ചോദിച്ചു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് മഹാവ്യക്തിത്വങ്ങളാണ് ശങ്കരനും ചാണക്യനും എന്നായിരുന്നു അമിത് ഷായുടെ മറുപടി. മഹാത്മാഗാന്ധി അങ്ങയെ സ്വാധീനിച്ചിട്ടില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. ഒരു ചിരിയോടെ അയാളുടെ തോളിൽത്തട്ടി അമിത്ഷാ നടന്നകന്നു. അതായിരുന്നു എല്ലാക്കാലവും അമിത് ഷാ. പറയാനുള്ളതേ പറയൂ. അതിനപ്പുറം പറയിപ്പിക്കാൻ ആർക്കുമാകില്ല. പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള കഴിവും വിജയത്തിൽ കുറഞ്ഞ് ഒന്നിലും ഒത്തുതീർപ്പുണ്ടാക്കാത്ത മനസും അതിനുള്ള രാഷ്ട്രീയ ആസൂത്രണ വൈഭവവുമായിരുന്നു എക്കാലവും അമിത്ഷായുടെ ബലം.

മോദിയുടെ ഫസ്റ്റ് ലെഫ്റ്റനന്‍റ്

മോദി ഗുജറാത്ത് രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ ഫസ്റ്റ് ലെഫ്റ്റനന്‍റായി അമിത് ഷാ ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലെ രാഷ്ട്രീയ ശക്തിയുടെ നാഡിഞരമ്പുകളായ സഹകരണ പ്രസ്ഥാനത്തിന്‍റെ കടിഞ്ഞാൺ അമിത് ഷാ ആദ്യം കൈക്കലാക്കി. കായിക സംഘടനകളിലും ബോ‍ർഡുകളിലും കോർപ്പറേഷനുകളിലും അമിത്ഷായിലൂടെ ബിജെപി പിടിമുറുക്കി. നരേന്ദ്രമോദി പാർട്ടിയിൽ ഉയരുന്നതിനൊപ്പം അമിത്ഷായുടെ രാഷ്ട്രീയ ശക്തിക്കും കരുത്തുകൂടി. 1997 -ൽ സാർകേജ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തിയതോടെ അമിത് ഷായുടെ പാർലമെന്‍ററി രാഷ്ട്രീയ ജീവിതത്തിനും തുടക്കമായി.

2001 -ൽ ഗുജറാത്തിൽ കേശുഭായി പട്ടേലിന്‍റെ കാലം അവസാനിച്ചു. തുടർന്ന് മോദി മുഖ്യമന്ത്രിയായതോടെ ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പുതിയൊരു പരീക്ഷണഭൂമിയായി മാറുകയായിരുന്നു. തുടർന്ന് ഒരു വ്യാഴവട്ടം കൊണ്ട് മോദി-അമിത് ഷാ ദ്വന്ദ്വത്തിന്‍റെ രൂപകൽപ്പനയിൽ ബിജെപി അഹമ്മദാബാദിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പടർന്ന് പന്തലിച്ചു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്കും അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും ഉയർന്നു. മുതിർന്ന പല കരുത്തരുടേയും മീതേ പറന്നായിരുന്നു അമിത് ഷാ പാർട്ടിയുടെ പരമാധികാരിയായത്. എതിർത്തു നിന്നവർ ഒന്നുകിൽ ഓരത്തേക്ക് ഒതുങ്ങി അപ്രസക്തരായി, അതല്ലെങ്കിൽ മോദി, അമിത് ഷാ നേതൃത്വത്തെ അംഗീകരിച്ച് ഒപ്പം ചേരാൻ നിർബന്ധിതരായി.

വിവാദങ്ങൾ വിട്ടൊഴിയാത്ത രാഷ്ട്രീയജീവിതം

മഹാവിജയത്തിന്‍റെ പടയോട്ടത്തിനിടെ ഇരുണ്ട ഇടനാഴികളുമുണ്ടായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തിൽ. സൊറാഹ്ബുദ്ദീൻ ഷെയ്ഖ് വധക്കേസും ഗുജറാത്ത് കലാപവും സ്നൂപ് ഗേറ്റ് വിവാദവും ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസും മുതൽ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം വരെയുള്ള വിവാദങ്ങൾ അമിത് ഷായുടെ വഴിയിലെ പ്രതിസന്ധികളായി. ഗുജറാത്ത് കലാപത്തിന്‍റെ സൂത്രധാരനെന്ന ആരോപണം ഉയർന്നു. വർഗ്ഗീയ കലാപത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്ത് നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ഒരു സ്ത്രീയെ നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി എന്നിങ്ങനെ വിവാദങ്ങളുടെ കരിമ്പുകയും അമിത് ഷായുടെ രാഷ്ട്രീയത്തിനൊപ്പം ഉടനീളം ഉണ്ടായിരുന്നു. 

സൊഹ്റാബ്ദ്ദീൻ ഷെയ്ഖ് കേസിൽ 2010 -ൽ കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് അറസ്റ്റിലായപ്പോൾ അമിത് ഷാ അസ്തമിച്ചുവെന്ന് രാഷ്ട്രീയ ശത്രുക്കൾ കരുതി. പാർട്ടിക്കുള്ളിലും അദ്ദേഹം പിന്തുണയില്ലാതെ ഒറ്റപ്പെട്ടു. മൂന്നുമാസം ജയിലിലടയ്ക്കപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ ഗുജറാത്തിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ. 2012 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാരാൺപുര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച് അമിത്ഷാ പൂർവപ്രഭാവത്തിലേക്ക് തിരിച്ചെത്തി. ഇതിനിടെ ഗുജറാത്ത് കലാപക്കേസിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. 

തുടക്കത്തിൽ ജനക്കൂട്ടത്തിന്‍റെ നേതാവായിരുന്നില്ല അമിത് ഷാ. തിരശ്ശീലക്ക് പിന്നിലെ ചരടുവലികളും തന്ത്രജ്ഞതയുമാണ് അമിത് ഷായെ ബിജെപിയിൽ പ്രധാനിയാക്കിയത്. ക്രമേണ ക്രൗഡ് പുള്ളറായും തെരഞ്ഞെടുപ്പ് റാലികളിലെ മുഖ്യ ആകർഷണവുമായി അമിത് ഷാ മാറുന്നതും കണ്ടു. ജൂലൈ 2014 -ന് അമിത് ഷായെ ബിജെപി കേന്ദ്ര പാർലമെന്‍ററി ബോർ‍ഡ് ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ഇന്ത്യയുടെ പാർലമെന്‍ററി ചരിത്രത്തിൽ ഇത്രയേറെ തന്ത്രജ്ഞനായ മറ്റൊരു ദേശീയ രാഷ്ട്രീയ നേതാവിനെ കണ്ടെത്താനാകില്ല. 

മുരുകൻ സൊല്ലും, അരുണാചലം മുടിക്കും

മൃഗീയ ഭൂരിപക്ഷവുമായി രണ്ടാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ എല്ലാവരും പ്രതീക്ഷിച്ചതുപോലെ മന്ത്രിസഭയിൽ അമിത്ഷായുമെത്തുകയാണ്. ആദ്യം ഷാ വരുമെന്ന സൂചന വന്നു. എന്നാൽ ഷാ പാർട്ടി തലപ്പത്ത് തുടരുമെന്നായി അഭ്യൂഹങ്ങൾ. ഇപ്പോഴിതാ, ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്നുറപ്പായിരിക്കുന്നു. 

പക്ഷേ ഒരു കാര്യം വ്യക്തമാണ്. പുതിയൊരാൾ ബിജെപി അധ്യക്ഷപദത്തിലെത്തിയാലും ചാണക്യതന്ത്രങ്ങളുമായി സംഘടനയുടെ കടിഞ്ഞാൺ അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും കയ്യിൽത്തന്നെയാകും. പ്രശസ്തമായ രജനീകാന്ത് ചിത്രത്തിലെ ഡയലോഗിനെ ഓർമ്മിപ്പിക്കുംവിധമായിരുന്നു മോദിയുടേയും പ്രവർത്തന ശൈലി, 'മുരുകൻ സൊല്ലും, അരുണാചലം മുടിക്കും'.

അമിത് ഷായുടെ രാഷ്ട്രീയ സോഷ്യൽ എൻജിനീയറിംഗ് നരേന്ദ്രമോദി ഭംഗിയായി നടപ്പാക്കി. വാഴിക്കേണ്ടവരെ വാഴിച്ചു, വീഴിക്കേണ്ടവരെ വീഴിച്ചു. ഹിന്ദുത്വവും പ്രീണനവും അയോധ്യയും വികസനവുമെല്ലാം തരാതരം പ്രയോഗിച്ചു. ഇരുവരും എറിഞ്ഞ വിത്തെല്ലാം വിളഞ്ഞുപൊലിച്ചു. ഇതുവരെ തുടർന്ന ശൈലി തന്നെയാവുമോ മോദിയും അമിത് ഷായും രണ്ടാമൂഴത്തിലും തുടരുക. കാത്തിരുന്ന് തന്നെ കാണണം. കാരണം പ്രതീക്ഷകൾക്ക് പിടിതരാതെയാണ് ഇരുവരും ഇതുവരെയെത്തിയത്.