മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമിത് ഷായുടെ ട്വീറ്റ്. ഓരോ വോട്ടും നിർണ്ണായകമാണെന്ന് മഹാരാഷ്ട്രയിലെ വോട്ടർമാരെ അഭിസംബോധന ചെയ്തുള്ള ട്വീറ്റിൽ അമിത് ഷാ പറയുന്നു. ഛത്രപതി ശിവജി മഹാരാജിന്‍റെ സ്വരാജ് സ്വപ്നം സാക്ഷാത്കരിക്കുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന സർക്കാരിനെ തെര‌ഞ്ഞെടുക്കാൻ നിങ്ങളുടെ ഓരോ വോട്ടും നിർണ്ണായകമാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിലെ സഹോദരങ്ങൾ ശക്തമായ സർക്കാരിനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

 

ജാതിവാദവും, കുടുംബവാഴ്ചയും അഴിമതിയുമാണ് ഹരിയാനയിലെ എറ്റവും വലിയ വികസന മുടക്കികൾ എന്നും ഇതിനെ മറികടന്ന് വികസനം കൊണ്ടു വരാൻ സാധിക്കുന്ന സർക്കാരിന് വോട്ട് ചെയ്യണമെന്നുമാണ് ഹരിയാനയിലെ വോട്ടർമാരോടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആഹ്വാനം
 

1.83 കോടി വോട്ടര്‍മാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16357 പോളിംഗ് ബൂത്തുകളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ബിജെപി കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ കക്ഷികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. 1169 സ്ഥാനാര്‍ത്ഥികൾ ഇക്കുറി ജനവിധി തേടുന്നുണ്ട്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് എട്ട് കോടിയിലേറെ വോട്ടർമാരാണ് ഇവിടെയുള്ളത്. 

രണ്ടുസംസ്ഥാനങ്ങളിലും വിജയം നേടിയാൽ കശ്മീർ നയത്തിന്‍റെ വിജയമായി അത് ബിജെപി ആഘോഷിക്കും. പുറമേയ്ക്ക് ബിജെപി ശിവസേന സഖ്യത്തിൽ വലിയ ഐക്യമുണ്ടെങ്കിലും പരസ്പരം സീറ്റ് കുറയ്ക്കാനുള്ള രഹസ്യ നീക്കം ഇരുഭാഗത്ത് നിന്നുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാന്ത്രികസംഖ്യയ്ക്ക് അടുത്ത് എത്തി ശിവസേനയുടെ സമ്മർദ്ദം കുറയ്ക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്

സാമ്പത്തികരംഗത്തെ പ്രതിസന്ധിയും പിഎംസി ബാങ്ക് തകർച്ചയും പ്രതിപക്ഷം ആയുധമാക്കിയെങ്കിലും ഈ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനായിരുന്നു ബിജെപിയുടെ ശ്രമം.