രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും.ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നും വി എസ്

തിരുവനന്തപുരം: രാഹുലിനെതിരെ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദൻ. അമുൽ ബേബി പ്രയോഗം ഇന്നും പ്രസക്തമാണെന്ന് വി എസ്. ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധിയെന്ന് വി എസ് ആരോപിച്ചു. 

മധ്യ വയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ലെന്ന് വി എസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബിജെപിയാണ്. ആ വിപത്തിനെ നേരിടാന്‍ ഇന്ത്യയിലെമ്പാടും ജനങ്ങള്‍ തയ്യാറുമാണ്. വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തൊഴിലാളി-കര്‍ഷകാദി ജനങ്ങളോടൊപ്പം നിന്ന് ബിജെപിയെ അധികാരത്തില്‍നിന്ന് തൂത്തെറിയാന്‍ രംഗത്തിറങ്ങുന്നുണ്ട്. 

കോണ്‍ഗ്രസ്സും അവകാശപ്പെടുന്നത്, തങ്ങള്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്. രാഹുല്‍ ഗാന്ധിയാവട്ടെ, ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്. രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും.ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.