ദില്ലി: ഇന്ത്യയുടെ ജനവിധി നിര്‍ണയിക്കുന്നതില്‍ ഹിന്ദി ഹൃദയഭൂമിക്കുള്ള പങ്ക് നിര്‍ണായകമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നവര്‍ അധികാരത്തിലേറും എന്ന വിശ്വാസം ഇക്കുറിയും തെറ്റിയില്ല. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. ഉത്തർപ്രദേശിൽ എസ്പി ബിഎസ്പി സഖ്യത്തിന്റെ കണക്കുകൾ മറികടന്ന് അത്ഭുതകരമായ മുന്നേറ്റം ബിജെപി നടത്താനായി. കോൺഗ്രസിനോട് തോറ്റ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം നേടി. 

ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ള ഉത്തർപ്രദേശ് ഉള്‍പ്പെടുന്നതാണ് ഹിന്ദി ഹൃദയഭൂമി. പടിഞ്ഞാറെ ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന ആധിപത്യം കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയാണ് ബിജെപി ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ. വടക്കുകിഴക്കൻ മേഖലയിലും തെക്കേ ഇന്ത്യയിലും ബിജെപിക്ക് നില മെച്ചപ്പെടുത്താനായി. ഈ വലിയ വിജയത്തില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കാത്ത മേഖലകൾ വളരെ ചുരുക്കമാണ്. 

ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ 73 സീറ്റുകൾ എൻഡിഎ സഖ്യം നേടിയിരുന്നു. ഇത്തവണ അതില്‍ 15 സീറ്റുകളുടെ കുറവുണ്ട്. എങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു നേടിയ ബിജെപി അടിത്തറ വിപുലീകരിച്ചു. ഉത്തർപ്രദേശിലെ ബിജെപിയുടെ മാത്രം വോട്ടു വിഹിതം ഇത്തവണ 49 ശതമാനമാണ്. മധ്യപ്രദേശിൽ 29ൽ 28 സീറ്റുകളും ബിജെപി തൂത്തുവാരി. ചിന്ത്വാരയിൽ കമൽനാഥിൻറെ മകൻ നകുൽ നാഥ് മാത്രമാണ് പിടിച്ചു നിന്നത്. ഭോപ്പാലിൽ പ്രഗ്യസിംഗ് താക്കൂറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപിയുടെ തന്ത്രവും വിജയം കണ്ടു. രാജസ്ഥാനിൽ 25 സീറ്റും ബിജെപി നേടിയപ്പോൾ മുഖ്യമന്ത്രി അശോക് ഗലോട്ടിൻറെ മകനും പരാജയപ്പെട്ടു. 

ഛത്തീസ്ഗഢിൽ 11 സീറ്റുകളില്‍ ഒമ്പതും ബിജെപി നേടിയപ്പോള്‍ ജാർഖണ്ഡിൽ 14 സീറ്റുകളില്‍ പന്ത്രണ്ടെണ്ണത്തിലും ബിജെപി സഖ്യം വിജയിച്ചു. ബീഹാറിൽ നാല്പതിൽ 36 സീറ്റും പിടിച്ചാണ് മോദി മുന്നേറിയത്. ദില്ലിയിലും ഹരിയാനയിലും എല്ലാ സീറ്റും ബിജെപിക്ക് തന്നെ ലഭിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ അപ്രമാദിത്വം തുടർന്നു. പശ്ചിമബംഗാളിൽ മാത്രമാണ് ബിജെപി കുറഞ്ഞ സീറ്റുകൾ  നേടിയത്. ഒഡീഷയടക്കം മറ്റു സംസ്ഥാനങ്ങളിലെ നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപി അനായാസം മുന്നൂറിന് അടുത്തെത്തി. ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികളിൽ അണ്ണാ ഡിഎംകെ ഒഴികെ എല്ലാവരും നേട്ടമുണ്ടാക്കി. ഒഡീഷയിൽ ഭരണം ബിജു ജനതാദൾ വീണ്ടും നേടിയത് മാത്രമാണ് ബിജെപിക്ക് വടക്ക് കിഴക്കന്‍ മേഖലകളിലേറ്റ ഒരേയൊരു തിരിച്ചടി.