പാലക്കാട്: എൽഡിഎഫിന്റെ ആലത്തൂർ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട പുരോഹിതരെ പങ്കെടുപ്പിച്ചതിനെതിരെ അനിൽ അക്കര എംഎൽംഎ. ഇക്കാര്യം ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കഴിഞ്ഞ ദിവസമാണ് പാലക്കാട് വടക്കഞ്ചേരിയിൽ എൽഡിഎഫ് ആലത്തൂർ ലോക്സഭാ മണ്ഡലം കൺവെൻഷൻ നടന്നത്.  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ 20 ഓളം യാക്കോബായ വിഭാഗത്തിലെ പുരോഹിതരും പങ്കെടുത്തു.   ഇവരുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുക വഴി ഒരു പ്രത്യേക മത വിഭാഗത്തിന്റെ വോട്ട് തങ്ങൾക്കാണ് എന്ന് സിപിഎം പ്രചരിപ്പിക്കുകയാണെന്നാണ് അനിൽ അക്കര എംഎൽഎയുടെ ആരോപണം. 

ശബരിമല വിഷയം  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  ഉപയോഗിക്കരുത് എന്ന് നിർദേശിച്ച കമ്മീഷൻ ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നാണ് എംഎൽഎയുടെ  ആവശ്യം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറില്ലെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി കെ ബിജു എംപി ക്കെതിരെയും നടപടി വേണമെന്നും അനിൽ അക്കര പറഞ്ഞു.