ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കിയത്.
ദില്ലി: ദില്ലിയിലെ സഖ്യത്തിൽ ട്വിറ്ററിൽ ഏറ്റുമുട്ടി അരവിന്ദ് കെജ്‍രിവാളും രാഹുൽ ഗാന്ധിയും. കെജ്‍രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ആരോപിച്ചു. രാഹുൽ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‍രിവാൾ തിരിച്ചടിച്ചു
സഖ്യ തീരുമാനം വൈകുന്നതിൻറെ ഉത്തരവാദിത്തം അരവിന്ദ് കെജ്‍രിവാളിനാണെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയാണ് ആദ്യം രംഗത്തു വന്നത്. അരവിന്ദ് കെജ്‍രിവാൾ വീണ്ടും മലക്കം മറിഞ്ഞെന്ന് രാഹുൽ കുറിച്ചു. ദില്ലിയിൽ കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യം വന്നാൽ ബിജെപി തുടച്ചു നീക്കപ്പെടും. ഇതിനായി ആകെയുള്ള ഏഴിൽ നാല് സീറ്റ് എഎപിക്ക് നല്കാൻ തയ്യാറാണെന്ന് രാഹുൽ വ്യക്തമാക്കി. ഇപ്പോഴും കോൺഗ്രസ് വാതിലുകൾ തുറന്നിട്ടിരിക്കുന്നു. സമയം അതിക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
താൻ എങ്ങനെ മലക്കം മറിഞ്ഞന്ന ചോദ്യവുമായി കെജ്‍രിവാൾ ഉടൻ രംഗത്തു വന്നു. ചർച്ചകൾ തുടരുകയാണ്. ഈ സമയത്ത് ഇങ്ങനെയൊരു പ്രസ്താവന എന്തിനാണ്. രാഹുലിന് സഖ്യം രൂപീകരിക്കാൻ താല്പര്യമില്ല. താല്പര്യമുണ്ടെന്ന് വരുത്തിതീർക്കാൻ മാത്രമാണ് ശ്രമം എന്ന് കെജ്‍രിവാൾ തിരിച്ചടിച്ചു.
ഉത്തർപ്രദേശിലുൾപ്പടെ വോട്ടുകൾ ഭിന്നിപ്പിച്ച് മോദി-ഷാ കൂട്ടുകെട്ടിനെ രാഹുൽ ഗാന്ധി സഹായിക്കുകയാണെന്നും കെജ്‍രിവാൾ ആരോപിച്ചു. രണ്ടു പാർട്ടികളുടെയും അദ്ധ്യക്ഷൻമാർ തന്നെ പരസ്പരം ഏറ്റുമുട്ടുന്നതോടെ സഖ്യത്തിനുള്ള സാധ്യത അടയുകയാണ്.
