Asianet News MalayalamAsianet News Malayalam

രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് അരുൺ ജയ്‍റ്റ്‍ലി പിൻമാറി, ദില്ലിയിൽ മാരത്തോൺ ചർച്ചകൾ

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കാരിൽ തൽക്കാലം ചുമതലകൾ നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അരുൺ ജയ്‍റ്റ്‍ലി ആവശ്യപ്പെട്ടിരിക്കുന്നത്.

Arun Jaitley writes to PM Narendra Modi requests to not give him any responsibility for the present in government citing health
Author
New Delhi, First Published May 29, 2019, 1:57 PM IST

ദില്ലി: പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്‍റ്റ്‍ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിസ്ഥാനത്തേക്ക് പുതിയ ആൾ എത്തുമെന്ന് ഉറപ്പായി. അരുൺ ജയ്‍റ്റ്‍ലി വിദേശത്തേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് പകരം ചുമതല വഹിച്ച മുൻ ഊർജ, റെയിൽ മന്ത്രി പിയൂഷ് ഗോയൽ പുതിയ ധനമന്ത്രിയാകുമെന്നാണ് സൂചന. 

ഇന്ന് രാത്രി മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകും. ഇതിന് മുന്നോടിയായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ് നരേന്ദ്രമോദിയും അമിത് ഷായും. 

''എന്‍റെ ആരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് എന്നെ തൽക്കാലം ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നത്'', അരുൺ ജയ്‍റ്റ്‍ലി കത്തിൽ കുറിച്ചു. 

ജയ്‍റ്റ്‍ലി മോദിക്ക് നൽകിയ കത്ത്:

Arun Jaitley writes to PM Narendra Modi requests to not give him any responsibility for the present in government citing health

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. പിഎംഒ ഓഫീസിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. 

സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014-ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. 

ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്ന് ദില്ലിയിൽ എത്തും. ഒഡീഷയിൽ നവീൻപട്നായിക് മന്ത്രിസഭ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേറ്റു. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്.

Follow Us:
Download App:
  • android
  • ios