ദില്ലി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് ദില്ലിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. അതേസമയം, ഹരിയാനയിലെ സഖ്യത്തിനായുള്ള ശ്രമം തുടരും.

2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റും നേടിയത് ബിജെപിയാണ്. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ട് നേടി. ഈ സാഹചര്യം ഒഴിവാക്കാൻ ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മുന്‍കൈ എടുത്തത്. ത്രികോണ മല്സരം ഒഴിവാക്കുന്നതിന് ബിജെപിയെ മുഖ്യശത്രുവായി കാണണം എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു.

ഷീലാ ദീക്ഷിതിന്‍റെ എതിർപ്പ് കാരണം നീക്കം ആദ്യം ഉപേക്ഷിച്ചെങ്കിലും ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ വീണ്ടും സഖ്യനീക്കങ്ങൾക്ക് മുൻകൈയ്യെടുത്തു. എതിർപ്പ് തുടർന്നെങ്കിലും തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു കൊണ്ട് ഷീലാ ദീക്ഷിത് കത്ത് നല്കി. എഴിൽ രണ്ട് സീറ്റ് കോൺഗ്രസിനു നല്കാം എന്ന് വ്യക്തമാക്കിയ എഎപി പിന്നീട് മൂന്ന് സീറ്റ് നല്കാം എന്ന നിലപാടിലേക്ക് എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി അരവിന്ദ് കെജ്രിവാളാണ് ഇന്ന് വെളിപ്പെടുത്തിയത്.

സഖ്യത്തിന് താല്പ‍ര്യമില്ലെന്നായിരുന്നു രാഹുലിന്‍റെ നിലപാടെന്ന് കെജ്രിവാൾ വ്യക്തമാക്കി. അതേ സമയം ഹരിയാനയില്‍ സഖ്യത്തിനുള്ള ശ്രമം തുടരുമെന്നും കെജ്രിവാൾ പറയുന്നു. ജന്‍നായക് ജനതാ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ത്രികക്ഷി സഖ്യത്തിനായാണ് ശ്രമം അതേസമയം രാഹുൽഗാന്ധിയുമായി ക്രെജിവാള്‍ ചര്‍ച്ച നടത്തിയതിനെകുറിച്ച് അറിയില്ലെന്ന് ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ പറഞ്ഞു.