തിരുവനന്തപുരം: ന്യൂസ് അവർ ചർച്ചക്കിടെ മുസ്ലീം ലീഗ് എംഎൽഎ എൻ ഷംസുദ്ദീനെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ വർഗ്ഗീയവാദി എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. രാഹുൽ ഗാന്ധി ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും എൻ ഷംസുദ്ദീനെ പോലെയുള്ള വർഗ്ഗീയവാദികൾ അതിന് കൂട്ടുനിൽക്കുകയുമാണ് എന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍റെ വാക്കുകൾ.

താൻ എല്ലാ വിഭാഗം ജനങ്ങളുടേയും വോട്ട് കിട്ടി ജയിച്ച ഒരു ജനപ്രതിനിധിയാണെന്നും വർഗ്ഗീയവാദി എന്ന് തന്നെ വിളിക്കരുതെന്നും എൻ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. ആദ്യം മുസ്ലീം ലീഗിന്‍റെ പതാക മാറ്റൂ എന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍റെ മറുപടി. പാകിസ്ഥാന്‍റെ പതാകയും മുസ്ലീം ലീഗിന്‍റെ പതാകയും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ബി ഗോപാലകൃഷ്ണൻ ചർച്ചക്കിടെ പറഞ്ഞു. അതുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ലീഗിന്‍റെ പതാക പാകിസ്ഥാന്‍റെ പതാകയായി തെറ്റിദ്ധരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറ‌ഞ്ഞു. ഇന്ത്യൻ മനസുകളിലെ സഹജമായ പാകിസ്ഥാൻ വിരോധം ഉപയോഗിച്ച് വർഗ്ഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൻ ഷംസുദ്ദീൻ പറഞ്ഞു.