തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ എന്നാണ് ബിജെപി ആകുന്നത് എപ്പോഴെന്നറിയാൻ താൻ കാത്തിരിക്കുകയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. അതിന് ഗോപാലകൃഷ്ണൻ ഒന്നുകൂടി ജനിക്കേണ്ടിവരുമെന്ന് ജോസഫ് വാഴയ്ക്കന്‍റെ മറുപടി. ന്യൂസ് അവർ ചർച്ചക്കിടയിലാണ് ഇരു നേതാക്കളും തമ്മിൽ കൊരുത്തത്.

മൂന്ന് ദിവസം മുമ്പ് ചാനൽ സ്റ്റുഡ‍ിയോയിലിരുന്ന് കോൺഗ്രസിനുവേണ്ടി സംസാരിച്ച ടോം വടക്കൻ ഇപ്പോൾ ബിജെപിയുടെ കൂടെയാണെന്നും ജോസഫ് വാഴയ്ക്കൻ എപ്പോഴാണ് ബിജെപി ആകുന്നത് എന്നറിയാൻ താൻ കാത്തിരിക്കുകയാണ് എന്നുമായിരുന്നു ബി. ഗോപാലകൃഷ്ണന്‍റെ പരിഹാസം. അതിന് ഗോപാലകൃഷ്ണൻ വീണ്ടും ജനിക്കേണ്ടിവരുമെന്ന് ജോസഫ് വാഴയ്ക്കൻ തിരിച്ചടിച്ചു.  ടോം വടക്കന് സമീപകാലത്ത് കോൺഗ്രസിൽ പ്രധാനപ്പെട്ട ഒരു ചുമതലയും ഇല്ലായിരുന്നുവെന്നും ബിജെപി ടോം വടക്കനെ കിട്ടിയപ്പോൾ വലിയ ആളായി പൊക്കിക്കൊണ്ട് നടക്കുകയാണെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ചാലും കേന്ദ്രത്തിൽ മോദി തന്നെ അധികാരത്തിൽ വരും. അതറിയാവുന്നതുകൊണ്ടാണ് കെ സി വേണുഗോപാലടക്കം കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ മത്സരിക്കാത്തതെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.

രാഷ്ട്രീയത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ബിജെപിയുടെ സാധ്യതയായി ആണ് തങ്ങൾ കണക്കാക്കുന്നതെന്ന് ബി ഗോപാലക‍ൃഷ്ണൻ പറഞ്ഞു. കെ വി തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതും വളർന്നുവരുന്ന ഒരു സംഘടന എന്ന നിലയിൽ സാധ്യതയായി തന്നെയാണ് ബിജെപി കാണുന്നത്. സീറ്റില്ലെന്ന് കോൺഗ്രസ് തോമസ് മാഷിനോട് നേരത്തേ പറയണമായിരുന്നുവെന്നും റോഡിലൂടെ പോകുന്ന ആരെങ്കിലും പറഞ്ഞല്ല അദ്ദേഹമത് മനസിലാക്കേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

എന്നാൽ കെ വി തോമസ് നിലപാടുള്ളയാളാണെന്നും അദ്ദേഹം ബിജെപിയിലേക്ക് പോകില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ടോം വടക്കനെ ബിജെപി ഇപ്പോൾ പൊക്കിക്കൊണ്ട് നടക്കുകയാണ്. വടക്കനെപ്പോലെ ഏതെങ്കിലും ഒരുത്തനെ ബിജെപിക്ക് കിട്ടിയാൽ ബിജെപിയേക്കാൾ ആഘോഷിക്കുന്നത് സിപിഎമ്മുകാരാണെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. നവ്ജ്യോത് സിംഗ് സിദ്ദു, കീർത്തി ആസാദ്, ശത്രുഘ്നൻ സിൻഹ എന്നിങ്ങനെ നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. 

നിങ്ങൾ സോണിയ ഗാന്ധിയുടെ കിച്ചൻ കാബിനറ്റിനെക്കുറിച്ച് സംസാരിക്കൂ എന്നായി ഗോപാലകൃഷ്ണൻ. അടിക്കടി സംസ്ഥാന പ്രസിഡന്‍റിനെ മാറ്റുന്ന ബിജെപിയിൽ ഒരു നേതാക്കളും വാഴില്ലെന്ന് ജോസഫ് വാഴയ്ക്കൻ.  ബിജെപിയുടെ കാര്യങ്ങളെക്കുറിച്ച് വിവരമില്ലെങ്കിൽ സംസാരിക്കരുതെന്ന് ഗോപാലകൃഷ്ണൻ... ഇങ്ങനെ പോയി ഇരുനേതാക്കളും തമ്മിലുള്ള തർക്കം.