ആലപ്പുഴ: പാലായിലെ എല്‍ഡിഎഫ് വിജയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുഭരണത്തിനുമുള്ള അംഗീകാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അരൂരില്‍ തമ്മില്‍ഭേദം എന്ന് തോന്നുന്നവരെ ബിഡിജെഎസ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് രാവിലെ വ്യക്തമാക്കിയിരുന്നു. ഇതോടെ  ബിജെപി സ്ഥാനാര്‍ത്ഥിയാകും അവിടെ എന്‍ഡിഎയ്ക്കു വേണ്ടി മത്സരരംഗത്തുണ്ടാകുകയെന്ന് വ്യക്തമായി.  

പാലായില്‍ മാണി സി കാപ്പന്‍ വരട്ടെ എന്ന പൊതുവികാരം ജനങ്ങള്‍ക്കുണ്ടായിരുന്നെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കാപ്പനോട് എല്ലാവര്‍ക്കും സഹതാപം ഉണ്ടായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ലെന്ന് നേരത്തെ ജനങ്ങള്‍ പറഞ്ഞതാണ്. അരൂരിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലും  ആര് ജയിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.  

Read Also: അരൂരില്‍ ചിത്രം വ്യക്തമാകുന്നു; പ്രചാരണ ആവേശത്തിന് തിരിതെളിഞ്ഞു

അരൂരില്‍ ഭൂരിപക്ഷ സമുദായംഗം മത്സരിക്കണമെന്ന തന്‍റെ നിര്‍ദ്ദേശം ഒരു പാര്‍ട്ടിയും സ്വീകരിച്ചില്ല. ഷാനി മോള്‍ ഉസ്മാനോട് അരൂരിലെ ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകാന്‍ സാധ്യതയില്ല. ബിഡിജെഎസ് അരൂരിൽ നിന്ന് പിന്മാറിയാൽ ആർക്കു ഗുണം ചെയ്യുമെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തിന് സംഘടന മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ല., അതാണ് എന്‍ഡിഎയിൽ നിന്ന് ആളുകൾ വിട്ടുപോകുന്നത്.

Read Also: ഷാനിമോള്‍ക്ക് ജയസാധ്യതയില്ല: വെള്ളാപ്പള്ളി

പാലായിൽ തങ്ങളുടെ വോട്ട് കുറഞ്ഞുപോയത്  പറയാതെയാണ് ബിഡിജെഎസിന്‍റെ വോട്ട് പോയെന്ന് ബിജെപി നേതാക്കൾ പറയുന്നത്. അത് തന്നെ ശരിയല്ല. കോന്നിയില്‍ പി  മോഹൻരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്  എൻഎസ്എസിന്‍റെ നിർദേശ പ്രകാരമാണെന്നാണ് കേട്ടത്. എന്തുകൊണ്ടും  തമ്മിൽ ഭേദം ഇടത് പക്ഷമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം, ബിഡിജെഎസ് അരൂരില്‍ മത്സരിക്കാനില്ലെന്ന്  പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസ് ആവശ്യപ്പെട്ട ബോർഡ് , കോര്പറേഷന് സ്ഥാനങ്ങളെ സംബന്ധിച്ച്   അമിത് ഷാ യുമായി നടത്തിയ ചർച്ചയില്‍ രാത്രി വൈകിയും തീരുമാനം ആയിരുന്നില്ല. ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതോടെയാണ് അരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും മത്സരരംഗത്തുണ്ടാകുകയെന്ന് തീരുമാനമായത്. യുവമോർച്ച നേതാവ് പ്രകാശ് ബാബുവിനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 25,000ലധികം വോട്ടായിരുന്നു അരൂരിൽ ബിജെപി സ്ഥാനാർഥി തേടിയത്. 2016ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ബി‍‍ഡിജെഎസ് സ്ഥാനാർഥി 27000 വോട്ടുകള്‍ നേടി. ഈ വോട്ടുകളിൽ കണ്ണുവെച്ച് സിപിഎം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ബിഡിജഎസിന്‍റെ പിൻമാറ്റത്തിന് കാരണമെന്നാണ് കരുതുന്നത്.