ബിഹാർ: ബെഹുസരായിയിൽ ആവേശപൂർവം പോളിംഗ് പുരോഗമിക്കുകയാണ്. ദേശീയരാഷ്ട്രീയം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ബെഗുസരായിയിലേത്. കാരണം, ഗിരിരാജ് സിംഗ് എന്ന ബിജെപിയുടെ പഴയ പടക്കുതിരയെ ഇവിടെ നേരിടുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ യുവത്വത്തിന്‍റെ പ്രതീകം കനയ്യ കുമാറാണ്.

ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസുകളും രാജ്യത്തെ കലാലയങ്ങളിൽ ഉയർത്തിയ അലയൊലികൾ ചെറുതല്ല. 'ആസാദി' എന്ന മുദ്രാവാക്യം രാജ്യത്തെ കലാലയങ്ങളിൽ പ്രതിരോധത്തിന്‍റെ സ്വരമായി. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ വിദ്യാ‍ർത്ഥികൾ തെരുവിലിറങ്ങി. ഇതിനെതിരെയുള്ള പ്രചാരണങ്ങളും സജീവമായിരുന്നു. ജെഎൻയു, എച്ച്‍സിയു വിദ്യാ‍ർത്ഥികൾ രാജ്യദ്രോഹികളാണെന്നായിരുന്നു പ്രചാരണം. 

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, ഡോക്ടറേറ്റ് നേടി, ഡോ. കനയ്യ കുമാറായാണ് ആ പഴയ ജെഎൻയു യൂണിയൻ ചെയർമാൻ സ്വന്തം ഗ്രാമമായ ബെഗുസരായിൽ തിരിച്ചെത്തിയത്. ഒരിക്കൽ ബിഹാറിന്‍റെ 'ലെനിൻഗ്രാഡ്' എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് ഇന്ന് ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. 

'ബെഗുസരായ് ജയിക്കും'

‍ഇത്തവണ ബെഗുസരായിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ട് സിപിഐയ്ക്ക്. ആദ്യമണിക്കൂറുകളിൽത്തന്നെ കനയ്യ വോട്ട് ചെയ്യാനെത്തി. ഇറങ്ങുന്നതിന് മുമ്പ് ട്വിറ്ററിൽ കനയ്യ പറഞ്ഞതിങ്ങനെ:

''രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും കയറി ഇടപെടുമ്പോൾ, ബാധിക്കുമ്പോൾ, നമ്മുടെ രാഷ്ട്രീയം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടിൽ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ. കാരണം, ജനാധിപത്യം ശക്തിപ്പെടുന്നത് നമ്മുടെ കയ്യിലൂടെയാണ്.''

വോട്ട് ചെയ്ത് തിരികെ ഇറങ്ങിയപ്പോൾ കനയ്യ പറഞ്ഞതിങ്ങനെ:

''ഇത്തവണ ബെഗുസരായ് വിജയിക്കും. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റിയവർക്കുള്ള മറുപടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം''.

വോട്ട് വിഭജിച്ച് പോകുമെന്ന വാദങ്ങളെയും കനയ്യ തള്ളിക്കളയുന്നു. കോൺഗ്രസ്- ആർജെഡി സഖ്യവും സിപിഐയുമായി ന്യൂനപക്ഷവോട്ടുകൾ വിഭജിച്ച് പോകുന്നത് കനയ്യക്ക് തിരിച്ചടിയാകുമെന്നാണ് പല അഭിപ്രായസർവേകളും പ്രവചിച്ചിരുന്നത്. ആർജെഡി - കോൺഗ്രസ് സഖ്യത്തിൽ നിന്ന് നേരത്തേ ഇടതുപക്ഷത്തെ ഒഴിവാക്കിയിരുന്നു. 

വോട്ടിംഗ് യന്ത്രത്തിൽ ആദ്യത്തെ പേരാണ് കനയ്യയുടേത്. എങ്ങനെ വോട്ട് ചെയ്യണമെന്നതടക്കം നിർദേശിച്ചുള്ള വീഡിയോ അടക്കം കനയ്യക്ക് വേണ്ടി മണ്ഡലത്തിലെത്തിയ വിദ്യാ‍ർത്ഥി സുഹൃത്തുക്കൾ തയ്യാറാക്കി അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇത്തവണ ജെഎൻയു അടക്കം നിരവധി കലാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കനയ്യക്ക് വേണ്ടി പ്രചാരണം നടത്താൻ മണ്ഡലത്തിലെത്തിയിരുന്നു. #KanhaiyaForBegusarai എന്ന ഹാഷ്‍ടാഗോടെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇടത് രാഷ്ട്രീയത്തോട് അനുഭാവം പുലർത്തുന്ന സ്വരാ ഭാസ്കറും ശബാന ആസ്മിയും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങളും നടൻ പ്രകാശ് രാജും സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രയും കനയ്യക്ക് വേണ്ടി പ്രചാരണം നടത്താനെത്തി. 

 

കനയ്യയുടെ പ്രചാരണം, ബെഗുസരായിൽ : കടപ്പാട്: കനയ്യയുടെ ട്വിറ്റർ: https://twitter.com/kanhaiyakumar