Asianet News MalayalamAsianet News Malayalam

അനാരോഗ്യവും ആശുപത്രിവാസവും എന്നിട്ടും ഇന്നസെന്‍റിനെ കടത്തിവെട്ടി ബെന്നി ബെഹ്നാന്‍

സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ യുവ എംഎൽഎമാരായിരുന്നു യുഡിഎഫിന്‍റെ പ്രചാരണം ഏറ്റെടുത്തിരുന്നത്.

Benny Behanan victory
Author
Chalakudy, First Published May 23, 2019, 8:38 PM IST

ചാലക്കുടി: ഇന്നസെന്‍റിനെ തോല്‍പ്പിച്ച് ചാലക്കുടി മണ്ഡലം വീണ്ടും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. എന്നാല്‍ ആ നേട്ടത്തിലേക്കുള്ള ബെന്നി ബെഹ്നാന്‍റെ യാത്ര കുറച്ച് കഠിനമായിരുന്നു. ഹൃദയാഘാതവും ആശുപത്രി വാസവും മൂലം ബെന്നി ബെഹ്നാന് പ്രചാരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.  എറണാകുളം-തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. ഏപ്രില്‍ അഞ്ചിന് വീട്ടില്‍  വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം പത്ത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ബെന്നി ബെഹ്നാന്‍ പ്രചാരണ രംഗത്ത് ഇറങ്ങിയത്. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ യുവ എംഎൽഎമാരായിരുന്നു യുഡിഎഫിന്‍റെ പ്രചാരണം ഏറ്റെടുത്തിരുന്നത്. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, വി പി സജീന്ദ്രൻ എന്നിവർ മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു. കൂടാതെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവർ മണ്ഡലത്തിൽ സജീവ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.വിശ്രമത്തിലായിരുന്ന ബെന്നി ബെഹ്നാന് വേണ്ടി വീട്ടുകാരും വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. മകന്‍ വേണു തോമസും മരുമകള്‍ ജെയ്ന്‍ വേണുവും പ്രാദേശിക നേതാക്കള്‍ക്കൊപ്പം ബെന്നി ബെഹ്നാന് വേണ്ടി വോട്ട് തേടിയിരുന്നു.

473444 വോട്ടുകള്‍ നേടിയാണ് ബെന്നി ബെഹ്നാന്‍റെ മിന്നുന്ന വിജയം. പ്രതീക്ഷിച്ച വിജയമാണ് ചാലക്കുടിയില്‍ കാണാനാകുന്നതെന്നായിരുന്നു ബെന്നി ബെഹ്നാന്‍റെ പ്രതികരണം. കൂട്ടായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തിയത്. താന്‍ അസുഖമായി കിടന്ന സമയത്ത് സഹപ്രവര്‍ത്തകരും എംഎല്‍എമാരും ഒരുമിച്ച് എണ്ണയിട്ട പ്രവര്‍നത്തനമാണ് കാഴ്ച വച്ചത്. അതിന്‍റെ കൂടി വിജയമാണ് ചാലക്കുടിയില്‍ തനിക്ക് ലഭിക്കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios