ഗാങ്ടോക്ക്:  സിക്കിമിൽ തുടങ്ങിയ പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് കണ്ടെത്താൻ രണ്ട് ജേഴ്സികൾ ലേലം ചെയ്യാൻ ഒരുങ്ങി ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ. യുഎന്‍ സംഘടിപ്പിച്ച മത്സരത്തിലിട്ട ജേഴ്സിയും, ബയേൺ മ്യൂണിക്കിനെതിരായ വിടവാങ്ങൽ മത്സരത്തിലെ ജേഴ്സിയുമാണ് ലേലം ചെയ്യുക. സിനദിൻ സിദാൻ അടക്കമുള്ളവരുടെ കയ്യൊപ്പുള്ള ജേഴ്സികളാണിത്. 

ബൈച്ചുങ് ബൂട്ടിയയുടെ ഹമാരോ സിക്കിം പാര്‍ട്ടി 32 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സിക്കിമിന്റെ അഭിമാനം സംരക്ഷിണമെന്ന ഉദ്ദേശത്തോടെയാണ് ഹമാരോ സിക്കിം പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. വ്യവസായികളില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈച്ചുങ് ബൂട്ടിയ ജേഴ്സികൾ ലേലത്തിന് വച്ചത്.