ഗാങ്‌ടോക്ക്(സിക്കിം): ഹംരോ സിക്കിം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താന്‍ ജെഴ്സികള്‍ ലേലത്തിന് വച്ച്  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ. 2018 മാര്‍ച്ച് 31 നാണ്  ബൈചുങ് ബൂട്ടിയ ഹംരോ സിക്കിം പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതാദ്യമായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. 

'പട്ടിണിക്കെതിരായ മത്സരം' എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ അണിഞ്ഞ ജെഴ്‌സിയും 2012ല്‍ ബയേണ്‍ മ്യൂണിക്കിനെതിരായി തന്റെ വിടവാങ്ങല്‍ മത്സരം കളിച്ചപ്പോള്‍ അണിഞ്ഞ ജെഴ്‌സിയുമാണ് ലേലത്തിന് വച്ചിരിക്കുന്നത്. ലോകോത്തര ഫുട്‌ബോള്‍ താരങ്ങളായ സിനദിന്‍ സിദാന്‍, ഫിഗോ തുടങ്ങിയവരുടെ ഒപ്പുകളും ഈ ജെഴ്‌സികളിലുണ്ട്. 

'പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധകരെ, സുഹൃത്തുക്കളെ.  ഞങ്ങള്‍ സിക്കിമില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകര്‍ നേരിടുന്ന ദുരിതം പോലുള്ള പ്രശ്‌നങ്ങള്‍ സിക്കിമിലുമുണ്ട്. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്'- ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സന്തോഷം നിറഞ്ഞ സിക്കിമിനായുള്ള നയങ്ങള്‍ നടപ്പിലാക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറയുന്നത്. സിക്കിം യുവത്വത്തെ സ്വയം പര്യാപ്തരാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് ബൂട്ടിയ പറഞ്ഞിരുന്നു. സിക്കിം യുവത്വം അന്തസോടെ ജീവിക്കുന്ന സാഹചര്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബൂട്ടിയ വ്യക്തമാക്കി.

ഒരു ലോക്‌സഭ മണ്ഡലം മാത്രമുള്ള സിക്കിമില്‍ കഴിഞ്ഞ രണ്ട് തവണയും സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടാണ് വിജയിച്ചത്. സിക്കിമിലെ  32 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൂടെ ഏപ്രില്‍ 11നാണ് നടക്കുക.