Asianet News MalayalamAsianet News Malayalam

ശബരിമല സുവര്‍ണാവസരമായില്ല: ബിജെപിക്ക് മുന്നില്‍ വാതിലടച്ച് കേരളം

പത്തനംതിട്ടയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ അടൂരില്‍ മാത്രമാണ് കുറച്ചു സമയം മുന്നിലെത്താന്‍ കെ.സുരേന്ദ്രന് സാധിച്ചത്. ശബരിമല വിഷയം വിചാരിച്ച രീതിയില്‍ പത്തനംതിട്ടയില്‍ ഏശിയില്ല എന്ന വികാരം കൗണ്ടിംഗ് സെന്‍ററില്‍ വച്ചു തന്നെ ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. 

bjp again failed to won a seat in kerala
Author
Trivandrum, First Published May 23, 2019, 4:12 PM IST

തിരുവനന്തപുരം: ശബരിമല വിഷയം മുന്‍നിര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാം എന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സര്‍വേകളും തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള എക്സിറ്റ് പോളുകളും കേരളത്തില്‍ ബിജെപി ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചെങ്കിലും അതെല്ലാം പാളി. 

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തോടെ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമ്പോഴും ദക്ഷിണേന്ത്യ പ്രത്യേകിച്ച് കേരളവും തമിഴ്നാടും ബിജെപിക്ക് ഒരു ബാലികേറാമലയായി മാറുന്ന കാഴ്ചയാണ് വീണ്ടും കാണുന്നത്. ശബരിമല വിഷയം കേരളത്തിലെ ഹൈന്ദവരില്‍ സൃഷ്ടിച്ച അതൃപ്തി മുതലെടുത്ത് ജയിച്ചു കയറാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. മുഴുവന്‍ സംഘടനാ സംവിധാനവും ഉപയോഗിച്ച് ബിജെപി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 

ഭൂരിപക്ഷം എക്സിറ്റ് പോളുകളും കേരളത്തില്‍ ഒരു സീറ്റെങ്കിലും ബിജെപി നേടുമെന്ന് പ്രവചിച്ചതോടെ അത് പത്തനംതിട്ടയാണോ അതോ തിരുവനന്തപുരത്താവുമോ എന്നതായിരുന്നു ബിജെപി ക്യാംപിലെ ചര്‍ച്ച. വ്യാഴാഴ്ച വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ഇതാദ്യമായി പോസ്റ്റല്‍ വോട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുക കൂടി ചെയ്തതോടെ ബിജെപിക്കാരുടെ പ്രതീക്ഷ ആകാശത്തോളം ഉയര്‍ന്നിരുന്നു. 

എന്നാല്‍ കൗണ്ടിംഗ് മുന്നോട്ട് പോയതോടെ  തിരുവനന്തപുരത്ത് പോസറ്റല്‍ വോട്ടില്‍ മുന്നിലെത്തിയ കുമ്മനം പിന്നാക്കം പോയി. പിന്നെ ഒരുഘട്ടത്തിലും ഒന്നാം സ്ഥാനത്തേക്ക് മടങ്ങി വരാന്‍ ബിജെപിക്ക് സാധിച്ചില്ല. ഇടയ്ക്ക് ഒരു തവണ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ലീഡ് പിടിച്ചതും, കാസര്‍ഗോഡ് രണ്ടാം സ്ഥാനം വരെ എത്തിയതും മാത്രമാണ് അണികള്‍ക്ക് ആവേശം നല്‍കാനുണ്ടായ ഒരേ ഒരു കാര്യം. എന്നാല്‍ കൗണ്ടിംഗ് തീരുമ്പോള്‍ ആശ്വാസിക്കാനൊന്നും ബിജെപിക്കില്ല. 

പാര്‍ട്ടിയുടെ ഏക സിറ്റിംഗ് എംഎല്‍എയെ സമ്മാനിച്ച നേമം ഉള്‍പ്പെടുന്ന തിരുവനന്തപുരം ബിജെപി വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമായിരുന്നു. നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ നഗരകേന്ദ്രീകൃത മണ്ഡലങ്ങളില്‍ ലീഡ് നേടി ജയിക്കാം എന്നതായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വിചാരിച്ച പോലെ വോട്ടുകള്‍ വരാതിരുന്നതും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം സംഭവിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

നേമത്ത് പ്രതീക്ഷിച്ച രീതിയില്‍ നല്ല ലീഡ് പിടിക്കാന്‍ ബിജെപിക്ക് സാധിച്ചെങ്കിലും മറ്റു നഗരമണ്ഡലങ്ങളില്‍ അതുണ്ടായില്ല. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും നേരിയ ലീഡ് മാത്രമാണ് ബിജെപിക്ക് നേടാനായത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ കുമ്മനത്തെ മറികടന്ന് തരൂര്‍ ലീഡ് പിടിച്ചത് അപ്രതീക്ഷിത അടിയായി. ഗ്രാമമേഖലകളിലെല്ലാം തരൂര്‍ ബഹുദൂരം മുന്നില്‍ പോയതോടെ ബിജെപിയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. പാറശ്ശാലയില്‍ കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുക കൂടി ചെയ്തതോടെ ചിത്രം വ്യക്തമായി. 

ബിജെപി ജയിക്കുമെന്നോ രണ്ടാം സ്ഥാനം നേടുമെന്ന പ്രതീക്ഷിച്ച പത്തനംതിട്ടയില്‍ കാര്യമായ മത്സരം പോലും നടത്താതെയാണ് ബിജെപി സ്ഥാനനാര്‍ത്ഥി കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വീണ ജോര്‍ജിന്‍റെ മണ്ഡലമായ ആറന്മുളയടക്കം പത്തനംതിട്ടയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്‍റോ ആന്‍റണി ലീഡ് പിടിച്ചു. 

ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളായ ആറന്മുളയിലും പത്തനംതിട്ടയിലും ആന്‍റോ ഒന്നാമത് വന്നതോടെ തന്നെ തങ്ങള്‍ ഉദ്ദേശിച്ച വഴിക്കല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമായിരുന്നു. അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്ന പിസി ജോര്‍ജിന്‍റെ മണ്ഡലമായ പൂഞ്ഞാറില്‍ ദയനീയമാം വിധം വോട്ടുകള്‍ നേടിയാണ് സുരേന്ദ്രന്‍ മൂന്നാമനായത്. 

ഇപ്പുറത്ത് പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നും കുറച്ചു വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സാധിച്ചതോടെയാണ് വീണാ ജോര്‍ജിന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. കാ‍ഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തുടങ്ങിയ ന്യൂനപക്ഷ മേഖലകളില്‍ ആന്‍റോ ആന്‍റണിക്ക് വമ്പന്‍ ലീഡാണ് ലഭിച്ചത്. ഏഴ് നിയോജകമണ്ഡലങ്ങളില്‍ അടൂരില്‍ മാത്രമാണ് കുറച്ചു സമയം ലീഡ് പിടിക്കാന്‍ കെ.സുരേന്ദ്രന് സാധിച്ചത്. ശബരിമല വിഷയം വിചാരിച്ച രീതിയില്‍ പത്തനംതിട്ടയില്‍ ഏശിയില്ല എന്ന വികാരം ബിജെപി നേതാക്കള്‍ തന്നെ കൗണ്ടിംഗ് സെന്‍ററിലെ ചര്‍ച്ചകളില്‍ മാധ്യമങ്ങളോട് പങ്കുവച്ചു.

എന്തായാലും രാജ്യം മുഴുവന്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടും കേരളത്തില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥ വരും ദിവസങ്ങളില്‍ ബിജെപി ദേശീയ നേതൃത്വം ഗൗരവത്തോടെ പരിശോധിക്കും എന്നുറപ്പാണ്. ആര്‍എസ്എസ് നേതൃത്വത്തിന്‍റെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേരളത്തിലെ പ്രചാരണ തന്ത്രങ്ങള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രൂപം നല്‍കിയത്. എന്നാല്‍ ആ അടവും പരാജയപ്പെട്ടതോടെ പുതിയ വഴികള്‍ അമിത് ഷാ ഇനി തേടേണ്ടി വരും. സംസ്ഥാന ബിജെപിയില്‍ വലിയൊരു അഴിച്ചു പണി ഉടനെയുണ്ടാവും എന്ന സൂചനകള്‍ ശക്തമാണ്. ഒരുപക്ഷേ അങ്ങനെയൊരു അഴിച്ചു പണിയാല്‍ ആദ്യം തുലാസിലാവുക പിഎസ് ശ്രീധരന്‍പിള്ളയുടെ അധ്യക്ഷസ്ഥാനമാണ്. 
 
കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളാണ് ഉറച്ച വിജയസാധ്യതയുള്ള മണ്ഡലങ്ങളായി ബിജെപി വിലയിരുത്തിയത്. സര്‍വവിധ സന്നാഹങ്ങളോടും കൂടിയാണ് പാര്‍ട്ടി ഇവിടെ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് നേരിട്ടായിരുന്നു പ്രചാരണം നിയന്ത്രിച്ചത്. ഇതിനായി വന്‍തോതില്‍ ഫണ്ടും ചിലവിട്ടു. 

ആര്‍എസ്എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായിലും നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ കൊണ്ടു വന്നത്. ഇതിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം ഒഴിവാക്കുകയായിരുന്നു. 

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞതോടെയാണ് ആര്‍എസ്എസിന് അനഭിമതനായിരുന്ന കെ.സുരേന്ദ്രനെ സംഘം പത്തനംതിട്ട സീറ്റിലേക്ക് പിന്തുണച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് അവിടെ സുരേന്ദ്രന് നറുക്ക് വീഴുന്നത്. 

ഘടകക്ഷിയായ ബിഡിജെഎസിനാണ് തൃശ്ശൂര്‍ സീറ്റ് ആദ്യം ബിജെപി വിട്ടുകൊടുത്തതെങ്കിലും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ തുഷാര്‍ വെള്ളാപ്പള്ളി അങ്ങോട്ട് മാറി. തുടര്‍ന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി സുരേഷ് ഗോപി ഇവിടെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. എന്നാല്‍ ഈ നീക്കങ്ങളൊന്നും തന്നെ ഒരു സീറ്റ് നേടിയെടുക്കാന്‍ മതിയാകുമായിരുന്നില്ല.

Follow Us:
Download App:
  • android
  • ios