ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ നായ്ക്കളെ വലിച്ചിഴക്കുന്നതു പോലെ തൃണമൂല്‍ പ്രവര്‍ത്തകരെയും വലിച്ചിഴക്കുമെന്നായിരുന്നു ഭാരതി ഘോഷിന്‍റെ ഭീഷണി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നായ്ക്കളെപ്പോലെ വലിച്ചിഴക്കുമെന്നും കൊന്നുകളയുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബിജെപി ലോക് സഭാ സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥകൂടിയായ ഇവര്‍ ഗട്ടലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ബിജെപിയുടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ നായ്ക്കളെ വലിച്ചിഴക്കുന്നതു പോലെ തൃണമൂല്‍ പ്രവര്‍ത്തകരെയും വിലിച്ചിഴക്കുമെന്നായിരുന്നു ഭാരതി ഘോഷിന്‍റെ ഭീഷണി.
തൃണമൂല്‍ പ്രവര്‍ത്തകരെ നേരിടാനായി ആയിരം പേരെ ഉത്തര്‍പ്രദേശില്‍ നിന്നും കൊണ്ടു വരുമെന്നും സ്ഥാനാര്‍ത്ഥി വീരവാദം മുഴക്കുന്നുണ്ട്. വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങളും പുറത്തു വന്നതോടെ നിരവധിപ്പേരാണ് സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്തെത്തിയത്. നേരത്തെ തൃണമൂലിനോടും മമത ബാനര്‍ജിയോടും വിധേയത്വം പ്രകടിപ്പിച്ചിരുന്ന ഭാരതിഘോഷ് മമത ബാനര്‍ജിയെ അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്.
ഘോഷിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മമതാ ബാനര്‍ജിയും രംഗത്തെത്തി. ഭാരതി ഘോഷ് ലക്ഷ്മണ രേഖ ലംഘിക്കരുതെന്നും നിങ്ങളെക്കുറിച്ച് ഒന്നും പറയിപ്പിക്കാന്‍ എന്നെ ഇടവരുത്തരുതെന്നും മമത തിരിച്ചടിച്ചു. നേരത്തെ വെസ്റ്റ് മിഡ്നാപ്പൂരിലെ പൊലീസ് ചീഫായിരുന്ന ഭാരതി മമതയോടെ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് മമതയുമായി തെറ്റിയ ഇവര്‍ ജോലി രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്കെതിരെ പത്തോളം കേസുകളും ബംഗാളില്‍ നില നില്‍ക്കുന്നുണ്ട്. നോട്ടു നിരോധനത്തിന്‍റെ സമയത്ത് നിരോധിച്ച പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയ കേസും ഇവര്‍ക്കെതിരെയുണ്ട്.
ഭാരതിയുടെ വീഡിയോ പുറത്തായതോടെ നിരവധിപ്പേരാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയത്. 'നിങ്ങള്‍ എന്തുകൊണ്ടാണ് മകളെ നിയന്ത്രിക്കാത്തതെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി മമമതയോട് ചോദിച്ചു', നേരത്തെ അമ്മയെന്നായിരുന്നു മമതയെ ഭാരതിഘോഷ് വിളിച്ചിരുന്നത്. ഗട്ടലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇവര്‍ക്കെതിരെ നടനും എംപിയും കൂടിയായ ദീപക് അധികാരിയെയാണ് തൃണമൂല്‍ രംഗത്തിറക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍.
