ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചതോടെ ആക്രമണം ശക്തമാക്കി ബിജെപി. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് പേടിച്ചോടി എന്ന വികാരം ഉണര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി ക്യാമ്പ് നടത്തുന്നത്.

ട്വിറ്ററില്‍ കൂടി രാഹുലിനെതിരെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അമേഠിയില്‍ സ്മൃതി ഇറാനിയോട് മത്സരിച്ച് തോല്‍ക്കുമെന്ന ഭയമുള്ളതിനാല്‍ കേരളത്തിലെ സംരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസിന്‍റെ തീരുമാനം വന്നതിന് പിന്നാലെ രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തുറന്നടിച്ചിരുന്നു.

രാഹുലിന് അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും അമിത് ഷാ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വയനാട്ടിൽ രാഹുൽ സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനമെത്തിയത്. ദക്ഷിണേന്ത്യയിൽ മല്‍സരിക്കണമെന്ന് തീരുമാനിച്ചതായി നേരത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഇടതു പക്ഷത്തിനെതിരായ മല്‍സരത്തിനോട് വിയോജിച്ച് സഖ്യകക്ഷികള്‍ രംഗത്തെത്തിയതാണ് തീരുമാനം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായത്. ബിജെപിയുടെ ധ്രുവീകരണത്തിനെതിരെയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വിശദീകരണം നല്‍കിയ രാഹുൽ വയനാട്ടിലേയ്ക്ക് വരാനുള്ള സൂചന ശക്തമാക്കിയിരുന്നു. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയിൽ മല്‍സരിക്കാൻ ഉചിതമായി മണ്ഡലമാണെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.