നിസാമാബാദ്: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂം പൂട്ടാൻ തന്റെ താക്കോൽ തന്നെ ഉപയോ​ഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം തേടി സ്ഥാനാർത്ഥി. നിസാമാബാദ് മണ്ഡലത്തിൽനിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന അരവിന്ദ് ധർമപുരിയാണ് വ്യത്യസ്ത ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിവിപാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്റൂമിലാണ് സൂക്ഷിക്കുക.

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിപാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂം പൂട്ടുന്നതിന് തന്റെ താക്കോൽ ഉപയോ​ഗിക്കാൻ അനുമതി നൽകണമെന്ന് റിട്ടേണിങ് ഓഫീസർക്ക് നൽകിയ കത്തിൽ അരവിന്ദ് ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയ്ക്കെതിരേയാണ് മണ്ഡലത്തിൽ അരവിന്ദ് മത്സരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലമാണ് നിസാമാബാദ്. 185 സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഇതിൽ 178 പേരും കർഷകരാണ്. കാർഷിക ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ചാണ് നിസാമാബാദിൽ കർഷകർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.