Asianet News MalayalamAsianet News Malayalam

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല

ഇന്ന് അർദ്ധരാത്രി പ്രഖ്യാപിച്ച ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ട ഇല്ല. പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്. പത്തനംതിട്ടയിലേയും തൃശ്ശൂരിലേയും അനിശ്ചിതത്വം കേരളത്തിലെ എൻഡിഎയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

bjp candidate for pathanamthitta constituency not declared in second phase candidate list
Author
Delhi, First Published Mar 23, 2019, 6:04 AM IST

ദില്ലി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയിലെ  സ്ഥാനാർത്ഥിയില്ല. അർധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. പി.എസ്. ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേർന്ന തെര‍ഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയിൽ കടുത്ത ചേരിപ്പോരാണ് നടന്നത്.

പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നിൽ തൃശ്ശൂരിൽ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്‍റെ നിലപാടും കാരണമാണ്. തുഷാറിന് തൃശ്ശൂർ വിട്ടുകൊടുക്കാൻ ബി‍ജെപി തയ്യാറായിരുന്നു. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ദില്ലിയിൽ തുടരുന്ന തുഷാർ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്‍റെ നിലപാട്. അതേസമയം തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.

ഒരുപക്ഷെ തുഷാർ അവസാന നിമിഷം പിന്മാറിയാൽ തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള തന്നെ സ്ഥാനാർത്ഥിയായേക്കാം. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാ‍ർത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ട്. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു. തുഷാറിന്‍റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് ചില ബിഡിജെഎസ് നേതാക്കൾ പറയുന്നു. രണ്ട് സീറ്റുകളിലേയും അനിശ്ചിതത്വം കേരളത്തിലെ എൻഡിഎയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഇതിനിടെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒഡീഷയിലെ പുരിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പുരിയിൽ  നിന്ന് ബിജെപി വക്താവ് സംപിത് പാത്ര ജനവിധി തേടും. നരേന്ദ്രമോദി വാരാണസിക്ക് പുറമെ പുരിയിൽ നിന്നും മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios