ആഡംബര കാറായ എസ്‍യുവിന്റെ സൺറൂഫിൽ ഇരുന്നാണ്  താരം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കൈയിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു താരത്തിന്റെ പ്രചാരണം. 

മഥുര: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൂടുപിടിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. വ്യത്യസ്തമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ആകർഷിക്കാനാണ് ഓരോ സ്ഥാനാര്‍ത്ഥിയും ശ്രമിക്കുന്നത്. കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട നടിയും ബിജെപി എംപിയുമായ ഹേമ മാലിനി മറ്റൊരു പ്രചാരണ പരിപാടിയുമായി എത്തിയിരിക്കുകയാണ്.

ആഡംബര കാറായ എസ്‍യുവിന്റെ സൺറൂഫിൽ ഇരുന്നാണ് താരത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണം. കൈയിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു പ്രചാരണം. നിറയെ റോസാപൂക്കളാൽ അലങ്കരിച്ച കാറിന്റെ സൺറൂഫിൽ നിന്ന് പ്രസം​ഗിക്കുന്ന താരത്തിന് ബിജെപി പ്രവർത്തകർ കുട ചൂടികൊടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്. 2014-ൽ ​ഗ്രാമീണ മേഖലയായ മഥുരയിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി ജയന്ത് സിൻഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമ മാലിനി ജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു വിജയം. എംപി ആയതിനുശേഷം 250 തവണ മഥുര ലോക്സഭാ മണ്ഡലം സന്ദർശിച്ചതായി ഹേമ മാലിനി അവകാശപ്പെട്ടു.

മഥുരയിൽ താൻ ചെയ്തതുപോലുള്ള പ്രവർത്തനങ്ങൾ മറ്റാരും തന്നെ ചെയ്തിട്ടില്ല. റോഡ് നിർമാണത്തിനായി കോടികളാണ് ചെലവഴിച്ചത്. എല്ലാവരേയും തൃപ്‌തിപ്പെടുത്തുക എന്നത് തീർത്തും സാധ്യമായ കാര്യമല്ല. ജനങ്ങൾ കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ കണ്ണുകള്‍ നിറയുമെന്നും ഹേമ മാലിനി പറഞ്ഞു. 

മഥുരയിലെ ഗോവര്‍ധന്‍ മേഖലയിലാണ് താരം പ്രചാരണത്തിന് തുടക്കം കുറിച്ചത്. ചാര്‍ട്ടര്‍ ചെയ്ത ഹെലികോപ്ടറിൽ വന്ന് കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയായിരുന്നു താരത്തിന്റെ പ്രചാരണം. ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി സ്ഥാനാര്‍ഥിയും അവർക്കൊപ്പം ഇറങ്ങി. ഒപ്പം ​ഗോതമ്പ് കറ്റകൾ കെട്ടിവെയ്ക്കാനും ഹേമ മാലിനി പാടത്തുണ്ടായിരുന്ന സ്ത്രീകളെ സഹായിച്ചു. ജോലിക്കാർക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

തുടർന്ന് ഇതിനെതിരെ വിശദീകരണവുമായി താരം രം​ഗത്തെത്തി. താനൊരു നടി ആണെന്നും കറ്റ കൊയ്യുന്നത് താൻ ഇത് വരെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു. ​ഗ്രാമങ്ങളിൽ പോകുമ്പോഴാണ് കറ്റ പറിക്കുന്നതൊക്കെ കാണുന്നത്. അതെനിക്ക് ഒരുപാട് ഇഷ്ടമായി. അതാണ് കറ്റ പറിക്കാൻ അവർക്കൊപ്പം കൂടിയത്. അതിലെന്താണ് തെറ്റെന്നും താരം ചോദിച്ചു. താൻ പങ്കുവച്ച ചിത്രങ്ങൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമായെന്നും താരം പറഞ്ഞു.