തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ബി ജെ പി പരാതി നൽകി. ബിജെപി മുൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് പി നായരാണ് പരാതി നൽകിയത്. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കരുതെന്ന നിർദ്ദേശത്തെ തുടർന്നാണ് പരാതി.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും അത് ചട്ടലംഘനമാണെന്നുമായിരുന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാട്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചരണവിഷയമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബി ജെ പി കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ എതിര്‍പ്പാണ് നിലനിൽക്കുന്നത്.