പരീക്കറുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പനാജി നിയമസഭാ മണ്ഡ‍ലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് മകന്‍ ഉത്പലിന് സീറ്റു നിഷേധിച്ചത്. നേരത്തെ ഉത്പല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു. 

പനാജി: ഗോവയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപി. പരീക്കറുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡ‍ലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് മകന്‍ ഉത്പലിന് സീറ്റു നിഷേധിച്ചത്. നേരത്തെ ഉത്പല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു.മണ്ഡലത്തിലെ മുന്‍എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

2015 ലെ ഉപതെരഞ്ഞെടുപ്പിലും 2017 ലെ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നിന്നും സിദ്ധാര്‍ത്ഥ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോള്‍ മത്സരിക്കാനായി സിദ്ധാര്‍ത്ഥ് സീറ്റ് രാജി വെക്കുകയായിരുന്നു. അണികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കര്‍. 

മെയ് 19 നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ബിജെപി അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ നിലനിന്നിരുന്നു.അതിനാല്‍ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പരീക്കറുടെ മകന് സീറ്റ് നല്‍കണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.