Asianet News MalayalamAsianet News Malayalam

ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപനം തുടങ്ങി

മാർച്ച് 19-ന് അർധരാത്രിയാണ് സ്ഥാനാ‍ർത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടികയും ഇതിനൊപ്പമുണ്ടാകും എന്നാണ് സൂചന. 

bjp first candidate list will be coming out by 7 pm
Author
New Delhi, First Published Mar 21, 2019, 6:35 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുക. ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നു. കേരളത്തിലെ പട്ടികയും ഇതോടൊപ്പമുണ്ടാകുമെന്നാണ് സൂചന.

ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 300 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിച്ചേക്കുമെന്നാണ് സൂചന. ബാക്കി മുതിർന്ന നേതാക്കളുടെ സാധ്യതാപട്ടിക ഇങ്ങനെയാണ്: നിതിൻ ഗഡ്‍കരി - നാഗ്‍പൂർ, രവിശങ്കർ പ്രസാദ് - പട്‍നാസാഹിബ്, ഗിരിരാജ് സിംഗ് - ബേഗുസരായ്, സദാനന്ദഗൗഡ - ബംഗളുരു നോർത്ത്, രാജീവ് പ്രതാപ് റൂഡി - സരൺ.

നേരത്തേ സിക്കിമിലെയും അരുണാചൽപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാർത്ഥികളെയും 6 സ്ഥാനാർത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. 

ഇന്നലെ അർധരാത്രിയും ബിജെപിയുടെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവസാനസ്ഥാനാർത്ഥിപ്പട്ടികയ്ക്ക് രൂപം നൽകിയത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‍നാഥ് സിംഗ്, അരുൺ ജയ്‍റ്റ്‍ലി എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാർഥികൾക്ക് അന്തിമ അനുമതി നൽകിയത്. 

കോൺഗ്രസ് ഇതുവരെ 146 ലോക്‍സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ന് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടികയാണ് വരുന്നത്. 

കേരളത്തിൽ ഇടത് - വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്. 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 5 സീറ്റുകൾ ബിഡിജെഎസ്സിനാണ്. ഒരു സീറ്റ് കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗത്തിനും നൽകി.

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. നീണ്ട അനിശ്ചിതത്വങ്ങളും തമ്മിൽ പോരും അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും മാറി ആറ്റിങ്ങലിൽ ജനവിധി തേടുക.

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി.

ജയിക്കുമോ തോൽക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്നാണ് തുഷാർ വ്യക്തമാക്കിയത്. ഈഴവ സമുദായത്തിന്‍റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. അതിൽ എല്ലാ സമുദായത്തിന്‍റെയും അംഗങ്ങളുണ്ടെന്നും തുഷാർ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios