Asianet News MalayalamAsianet News Malayalam

മഹാസഖ്യം വിജയകരമായി നടപ്പാക്കി ബിജെപി, ലക്ഷ്യത്തിലെത്താതെ കോണ്‍ഗ്രസ്

മഹാസഖ്യത്തിന് ശ്രമം തുടങ്ങിയത് കോണ്‍ഗ്രസ് . പക്ഷേ സഖ്യമുണ്ടാക്കിയത് ബി.ജെ.പിയാണ് . സഖ്യത്തിന് വേണ്ടി ബി.ജെ.പി സിറ്റിങ് സീറ്റുകള്‍ പോലും വിട്ടു കൊടുത്തപ്പോൾ എന്തു വിട്ടുവീഴ്ച ചെയ്തും മോദി വിരുദ്ധ സഖ്യമെന്ന് നിലപാട് കോണ്‍ഗ്രസ് കൈക്കൊള്ളുന്നില്ല.

bjp is successful in establishing grand alliance in various states
Author
Delhi, First Published Mar 11, 2019, 7:04 AM IST

ദില്ലി: പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ വഴിയായിരുന്നു മഹാസഖ്യം. അതിനുള്ള നീക്കങ്ങള്‍ ആദ്യം ആരംഭിച്ചത് കോണ്‍ഗ്രസാണ്. തുടക്കത്തില്‍ പലയിടത്തും വിജയകരമായ സഖ്യങ്ങളുണ്ടാക്കാന്‍ സാധിച്ചെങ്കിലും നേട്ടം കൊയ്യാവുന്ന തരത്തില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സഖ്യങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറുവശത്ത് ബിജെപിയാവട്ടെ സിറ്റിംഗ് സിറ്റുകളടക്കം നല്‍കിയാണ് പല സംസ്ഥാനങ്ങളിലും സഖ്യം സാധ്യമാക്കിയത്. 

മഹാസഖ്യത്തിന് ശ്രമം തുടങ്ങിയത് കോണ്‍ഗ്രസ് . പക്ഷേ സഖ്യമുണ്ടാക്കിയത് ബി.ജെ.പിയാണ് . സഖ്യത്തിന് വേണ്ടി ബി.ജെ.പി സിറ്റിങ് സീറ്റുകള്‍ പോലും വിട്ടു കൊടുത്തപ്പോൾ എന്തു വിട്ടുവീഴ്ച ചെയ്തും മോദി വിരുദ്ധ സഖ്യമെന്ന് നിലപാട് കോണ്‍ഗ്രസ് കൈക്കൊള്ളുന്നില്ല.മോദിക്കെതിരെ മഹാസഖ്യമെന്ന് കോണ്‍ഗ്രസ് ആശയം പ്രാവര്‍ത്തികമായത് ബിഹാറിലാണ്. 

കഴിഞ്ഞ തവണ എൻ.ഡി.എയ്ക്കൊപ്പമായിരുന്ന ജിതിൻ റാം മാഞ്ചിയെയും ഉപേന്ദ്ര കുശ് വാഹയെയും കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യത്തിന് കിട്ടി. അപ്പുറത്ത്  മഹാസഖ്യം നീക്കം നടക്കുമ്പോൾ  ഒരു മുഴം മുൻപേ എറിഞ്ഞു ബി.ജെ.പി നിതീഷ് കുമാറുമായുള്ള ചങ്ങാത്തം ഉറപ്പിച്ചു. അഞ്ച് സിറ്റിം​ഗ് സീറ്റുകള്‍ അതിനായി പാർട്ടി വിട്ടു കൊടുത്തു. രാംവിലാസ് പാസ്വാന് രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തു.

മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന  ശിവസേനയെ അനുനയിപ്പിച്ചു നിർത്തുക വഴി മഹാരാഷ്ട്രയിൽ സഖ്യം നിലനിര്‍ത്താനും ബി.ജെ.പിക്കായി. നിയമസഭയിൽ തുല്യ സീറ്റെന്ന് സേനയുടെ ആവശ്യത്തിനും വഴങ്ങി. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലങ്കാനയിൽ ടി.ആര്‍.എസും പാര്‍ട്ടിയുടെ വലയിലാണ്. പഞ്ചാബിൽ അകാലിദളുമായി സഖ്യം തുടരുന്നു. 

തമിഴ്നാട്ടിൽ വെറും 5 സീറ്റേ കിട്ടിയുള്ളൂവെങ്കിലും എ.ഐ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനായത് പാർട്ടിക്ക് നേട്ടമാകും. പട്ടാളി മക്കൾ കക്ഷിയേയും വിജയകാന്തിന്റെ ഡിഎംഡികെയേയും ഈ സഖ്യത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചതും പാർട്ടിക്ക് നേട്ടമാകും. കഴിഞ്ഞ തവണ തമിഴ്നാട്ടിൽ ഒരു സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

മറുവശത്താകട്ടെ  ഉത്തര്‍ പ്രദേശിലെ  എസ്.പി-ബി.എസ്.പി പാര്‍ട്ടികളുമായി ചേര്‍ന്ന വിശാല പ്രതിപക്ഷ സഖ്യമെന്ന കോണ്‍ഗ്രസ് സ്വപ്നം പൊളിഞ്ഞു. ഇപ്പോള്‍ നീക്കു പോക്കിനു പോലും സാധ്യതയില്ലാത്ത മട്ടിലായി ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം. ദില്ലിയിൽ സഖ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ട  എ.എ.പി കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്നു. തെലങ്കാന തിരഞ്ഞെടുപ്പ് ഫലത്തോടെ ആന്ധ്രയിൽ ടി.ഡി.പിയുമായ പരസ്യ സഖ്യം വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചു.

കര്‍ണാടകയിൽ ജെ.ഡി.എസുമായും മഹാരാഷ്ട്രയിൽ എൻ.സി.പിയുമായി ജാര്‍ഖണ്ഡിൽ ഷിബു സോറനുമായും ഇതുവരെ സീറ്റു ധാരണയായില്ല.  ബിഹാറിലും സീറ്റ് വീതം വയ്പ്പിലേക്ക് കടക്കാൻ കോൺ​ഗ്രസിനും ആർജെഡിക്കും സാധിച്ചിട്ടില്ല. തമിഴ്നാട്ടിൽ മാത്രമാണ് സഖ്യവും സീറ്റുമായത്. സിറ്റിം​ഗ് സീറ്റുകള്‍ വിട്ടു തരാനാവില്ലെന്ന സി.പി.എം നിലപാടിന് വഴങ്ങി ബംഗാളിൽ ഇടതുപക്ഷവുമായി കോണ‍്‍ഗ്രസ് നീക്കു പോക്കുണ്ടാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios