തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനം അര്‍ത്ഥവത്താണെന്ന് ബിജെപി നേതാവ് എസ് സുരേഷ്. മോദി വിമര്‍ശിച്ചത് മുസ്ലീങ്ങളെയല്ല മുസ്ലീം ലീഗിനെയാണെന്നും സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് ഇന്ന് തേനിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ മോദി പറ‌ഞ്ഞിരുന്നു. 

ഇന്ത്യാ മഹാരാജ്യത്ത് കേരളത്തിന്‍റെ ഒരു മൂലയ്ക്കല്‍ കിടക്കുന്ന കൊച്ചു പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ല.  മുസ്ലീംലീഗിലുളളതിലും മുസ്ലീങ്ങല്‍ ബിജെപിയിലുണ്ട്. മുസ്ലീം ലീഗിലുള്ളതിലും ജനപ്രതിനിധികള്‍ ബിജെപിയിലുണ്ട്. 1906 ലുണ്ടായ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി അതിന് ശേഷമുള്ള, അവര്‍ നിഷേധിക്കാത്ത ചരിത്രം ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനത്തിന്‍റെ  ചരിത്രമാണ്. പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചത് തെറ്റാണെന്ന് സമ്മതിക്കാത്ത മുസ്ലീം ലീഗാണ് കേരളത്തില്‍ ഉള്ളത്. മുസ്ലീം ലീഗ് പാക്കിസ്ഥാന്‍ വിഭജനത്തെ നിഷേധിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു.  

Read More: കോൺഗ്രസും ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 മുസ്ലീംലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും ശബരിമല വിഷയത്തിലുള്ള നിലപാട് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസും കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയും. ഇടത് മുന്നണിയുടേയും മുസ്ലീം ലീഗിന്‍റെയും സഹായത്തോടെ വയനാട്ടില്‍ വന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി അന്നേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണല്ലോ പിണറായി വിജയനോടൊപ്പം ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് കേണ്‍ഗ്രസ് നേതൃത്വമെടുത്തതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ എന്തുകൊണ്ടാണ് അമിത്ഷായ്ക്ക് മുസ്ലീം ലീഗിന്‍റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാനുമായി സാദൃശ്യം തോന്നുന്നത് എന്ന ന്യൂസ് അവര്‍ അവതാരകന്‍റെ ചോദ്യത്തിന് സ്വാഭാവികമെന്നായിരുന്നു മറുപടി. ''പാക്കിസ്ഥാനോട് സാമ്യമുള്ള കൊടി കാണുമ്പോള്‍ പാക്കിസ്ഥാനോട് സാദൃശ്യപ്പെടുത്തുന്നതില്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ ? '' എന്ന് സുരേഷ് മറുപടി നല്‍കി. 

"