തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തര്‍ക്കം. ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയാണ് യോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ തര്‍ക്കമുണ്ടായത്. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടതെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതാണ് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചത്. 

ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന മീണയുടെ നിലപാടിനെതിരെയുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും എതിര്‍പ്പാണ് യോഗത്തില്‍ പ്രതിഫലിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാബിനിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്. ബി ജെ പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. തുടക്കം തന്നെ ബി ജെ പി നേതാക്കള്‍ ടിക്കാറാം മീണയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

പിന്നാലെയെത്തിയ മറ്റ് പാര്‍ട്ടി നേതാക്കളും ഇതേ പരാതി ഉന്നയിച്ചു. സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു. ഇവിടെത്തന്നെയാണ് താന്‍ യോഗം വിളിച്ചത്. ഇവിടെ തന്നെ അത് നടത്തുകയും ചെയ്യും എന്നും ടിക്കാറാം മീണ വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനില്‍ തന്നെ പുനഃരാരംഭിച്ചു. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

പൊതു തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നത് പതിവാണെങ്കിലും ശബരിമല വിവാദത്തോടെ സ്ഥിതി മാറിയിരിക്കുകയാണ്. ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാമെന്ന് പ്രതീക്ഷിച്ച ബി ജെ പിയെയും കോണ്‍ഗ്രസിനെയും ടിക്കാറാം മീണയുടെ നിലപാട് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശബരിമല മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബി ജെ പി ഉന്നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടേതെന്ന് കോണ്‍ഗ്രസും പറയുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തിലുളള വിമര്‍ശനം ഇരു പാര്‍ട്ടികളും ഉന്നയിക്കും.

അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഓഫീസര്‍ക്ക് സി പി എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീണയുടെ മുന്നറിയിപ്പോടെ ശബരിമല വിഷയത്തിലൂന്നിയുളള പ്രചരണത്തിന് ശക്തി കുറയുമെന്നും ഇടത് മുന്നണി കണക്ക് കൂട്ടുന്നു. പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ തയ്യാറാക്കിയ സിവിജില്‍ ആപ്പിനെക്കുറിച്ചും ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. പ്രശ്ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുന്ന വിഷയവും ചര്‍ച്ചയാകും.