എം ടി രമേശിനെയോ, പി.കെ കൃഷ്ണദാസിനെയോ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി ദേശീയ നേതൃത്വത്തിന് ഈ-മെയിൽ സന്ദേശം അയച്ചു.
വടകര: വടകരയിൽ ബിജെപിക്ക് കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് ബിജെപി വടകര പാർലമെന്‍റ് മണ്ഡലം കമ്മിറ്റി. സ്ഥാനാർത്ഥി ദുർബലനായാൽ കോൺഗ്രസിന്‍റെ കെ മുരളീധരൻ ബിജെപി വോട്ടുകൾ പിടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച മണ്ഡലം കമ്മിറ്റി, വടകരയിൽ എം ടി രമേശിനെയോ പി കെ കൃഷ്ണദാസിനെയോ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് ഈ-മെയിൽ സന്ദേശം അയച്ചു.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ബിജെപിയിൽ തമ്മിലടി തുടരവേയാണ് വടകരയിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി ബിജെപി മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. താത്പര്യമുള്ള സീറ്റുകൾ കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ നേതാക്കൾ ഉറച്ചു നിന്നതോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലായത്.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഴിയാക്കുരുക്കുകൾക്കും ഒടുവിലാണ് വടകര മണ്ഡലത്തിൽ അപ്രതീക്ഷിതമായി കെ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ പി ജയരാജൻ പ്രചാരണ പരിപാടികളുമായി നേരെത്തെ കളം പിടിച്ചുകഴിഞ്ഞു. കരുത്തരനായ പി ജയരാജനെ നേരിടാൻ കോൺഗ്രസിലെ കരുത്തനായ കെ മുരളീധരൻ കൂടിയെത്തിയതോടെയാണ് ബിജെപിയ്ക്കും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യമുന്നയിച്ചത്.
