വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയാല്‍ മണ്ഡലത്തില്‍ ബിജെപിയും പോരാട്ടത്തിന് ഇറങ്ങുമെന്ന് അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന് ബിജെപി. നിലവില്‍ വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത് ബിഡിജെഎസ് ആണ്.
വയനാട്ടില്‍നിന്ന് ബിജെപി മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നിലവില്‍ 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. വയനാടും തൃശൂരും ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ ബിഡിജെഎസിനും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനുമാണ്.
അമേഠി മണ്ഡലത്തിന് പുറമെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉമ്മന്‍ചാണ്ടി പങ്കുവയ്ക്കുന്നത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
എന്നാല്‍ കേരളത്തിലെ മുഖ്യ ശക്തിയായ ഇടതുമുന്നണിയുമായി മത്സരിക്കുന്നതിലൂടെ രാഹുല്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം എന്നിരിക്കെ എന്തിനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
