തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. കെ.സുരേന്ദ്രനെ തൃശ്ശൂരിലേക്ക് മാറ്റി പത്തനംതിട്ട സീറ്റില്‍ ഒരു കോണ്‍ഗ്രസ് നേതാവ് മത്സരിക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. 

പത്തനംതിട്ട: സ്ഥാനാര്‍ത്ഥിയാരെന്ന അഭ്യൂഹങ്ങൾക്കിടെ പത്തനംതിട്ടയിൽ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വം നേരിട്ടിടപെട്ട് ചര്‍ച്ചകൾ തുടരുന്നതായാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഉള്ള മുതിര്‍ന്ന കോൺഗ്രസ് നേതാവ് പത്തനംതിട്ടയിൽ മത്സരിക്കാനെത്തുന്നതോടെ മണ്ഡലത്തിൽ വലിയ നേട്ടം ഉണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമലയടക്കമുള്ള വിഷയങ്ങൾ പ്രതിഫലിക്കുന്ന മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമുണ്ടായാൽ വിജയം ഉറപ്പിക്കാമെന്ന കണക്കു കൂട്ടലുമുണ്ട്. 

രാജ്യസഭാ മുൻ അധ്യക്ഷനായിരുന്ന മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്‍റെ പേരിലാണ് അഭ്യൂഹങ്ങളത്രയും. എന്നാൽ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് പിജെ കുര്യന്‍റെ പ്രതികരണം. രാജ്യസഭാ ഉപാദ്ധ്യക്ഷനായിരിക്കുന്ന സമയത്ത് തന്നെ ബിജെപി ഓഫറുകളുണ്ടായിരുന്നു. അന്നൊന്നും തയ്യാറായിട്ടില്ലെന്നും പിജെ കുര്യൻ പറയുന്നു. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാകാൻ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചിരുന്നു എന്നും പിജെ കുര്യൻ പറയുന്നുണ്ട്. 

അതേസമയം വാര്‍ത്ത നിഷേധിച്ച പിജെ കുര്യൻ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായില്ല. അഭ്യൂഹം ഏത് വരെ പോകുമെന്ന് നോക്കി പ്രതികരണം നാളെയാകാമെന്നാണ് പിജെ കുര്യൻ പറയുന്നത്. അതിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ഇന്നു വൈകുന്നേരം പുറത്തുവിടും.