ദില്ലി: തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇരട്ട പൗരത്വ ആരോപണം ഉന്നയിച്ചാണ് ഹര്‍ജി. അയോഗ്യനാക്കുന്നതിനു പുറമെ വോട്ടർ പട്ടികയിൽ നിന്ന് പേരും നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

അയോഗ്യനാക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് . ബിജെപി പ്രവർത്തകന്‍റേതാണ് ഹര്‍ജി. അതേസമയം മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു. 

ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ കഴിഞ്ഞ 23 ന് രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ വിശദികരണം നൽകാനാണ് കമ്മീഷന്‍റെ നിർദേശം.