ദില്ലിയിൽ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമെ അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്. 

ദില്ലി: സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിലും പ്രചാരണത്തിലും ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. 2013ൽ തന്നെ ഇതിന് വിലക്കുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് നടപടി.

ദില്ലിയിൽ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമെ അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

സൈനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നാവികസേനാ മേധാവി എല്‍ രാമദാസ് പരാതി ഇലക്ഷന്‍ കമ്മീഷന് നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നിർണായക ഇടപെടൽ. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല, ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് താക്കീത് നൽകി.