മക്കളായ ഉത്പാൽ, അഭിജാത് എന്നിവരോട് പാർട്ടിയിൽ ചേരാൻ ബിജെപി ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി ബിജെപി ​ഗോവ വൈസ് പ്രസിഡന്റ് വിനയ് തെണ്ടുൽക്കർ വ്യക്തമാക്കി.

പനാജി: അന്തരിച്ച മുൻ ​ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മക്കളോട് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ട് ബിജെപി നേതൃത്വം. പരീക്കറുടെ മക്കളായ ഉത്പാൽ, അഭിജാത് എന്നിവരോട് പാർട്ടിയിൽ ചേരാൻ ബിജെപി ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി ബിജെപി ​ഗോവ വൈസ് പ്രസിഡന്റ് വിനയ് തെണ്ടുൽക്കർ വ്യക്തമാക്കി. ഉത്പാലിനോടും അഭിജാതിനോടും ബിജെപിയിൽ ചേരാൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്നയും ആവശ്യപ്പെട്ടതായി വിനയ് തെണ്ടുൽക്കർ പറഞ്ഞു.

അര്‍‍ബുദരോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്ന പരീക്കർ മാർച്ച് 17നാണ് മരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു.