പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ്‌ ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ നിരഞ്‌ജന്‍ റോയിക്കെതിരായ നടപടി.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്‌. പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ്‌ ഡയമണ്ട്‌ ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ നിരഞ്‌ജന്‍ റോയിക്കെതിരായ നടപടി.

ഏപ്രില്‍ 26ന്‌ നിരഞ്‌ജന്‍ റോയി തന്നെ പീഡിപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ തൊട്ടടുത്ത ദിവസം പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്‌. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കുകയും ചെയ്‌തു. എന്നാല്‍, നിരഞ്‌ജനെ ഇതുവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തില്ലെന്ന്‌ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ തന്നെ വിവരം തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചെന്നും നിരഞ്‌ജന്‍ റോയിയെ എത്രയും വേഗം അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷ അനന്യ ചാറ്റര്‍ജീ പറഞ്ഞു.

അതേസമയം, പീഡന പരാതി വ്യാജമാണെന്നും ഇതിന്‌ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ബിജെപി പ്രതികരിച്ചു. സംഭവം നടന്നെന്ന്‌ പറയപ്പെടുന്ന സമയത്ത്‌ നിരഞ്‌ജന്‍ റോയി അവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന്‌ പൊലീസിന്‌ ബോധ്യപ്പെട്ടതാണ്‌. ഇപ്പോള്‍ ബാലാവകാശ കമ്മീഷനെ കൂട്ടുപിടിച്ച്‌ ഗൂഢാലോചന നടപ്പാക്കാനാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമെന്നും സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ ജയപ്രകാശ്‌ മജുംദാര്‍ ആരോപിച്ചു.