പറ്റ്ന: ബിഹാറില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ പട്നസാഹിബ് മണ്ഡലത്തില്‍ പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. എകദേശം ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡു ചെയ്യുന്നത്. 

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ ഈ മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങളുമാണ് സിന്‍ഹയ്ക്ക് വിമതപരിവേഷം ലഭിക്കാന്‍ കാരണമായത്. പ്രതിപക്ഷകൂട്ടായ്മകളോട് സിന്‍ഹ പ്രകടിപ്പിച്ച താല്പര്യവും അദ്ദേഹത്തെ ബിജെപിക്ക് അനഭിമതനാക്കി. ഇതേത്തുടര്‍ന്നാണ് സിന്‍ഹയെ ഒഴിവാക്കി പട്നസാഹിബ് സീറ്റ് രവിശങ്കര്‍ പ്രസാദിന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.