തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് എത്തിച്ചേർന്ന ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ലീഗിന്‍റെ കോട്ടയിൽ മത്സരിക്കുന്നതിനെക്കാൾ എഐസിസി ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും അവസാന നിമിഷം സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

മുസ്ലീം ലീഗിനെ ചത്ത കുതിരയെന്ന് വിളിച്ച ജവഹർലാൽ നെഹ്റുവിന്‍റെ കൊച്ചുമകനാണ് ഈ ഗതികേട് വന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. അമേഠിയിൽ തോൽക്കുമെന്നായപ്പോൾ  ഗത്യന്തരമില്ലാതെ ലീഗിന്‍റെ പിൻതുണയോടെ ഇറങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

ഇത് കോൺഗ്രസിന്‍റെ അപചയമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം  കെപിസിസി പ്രസിഡന്‍റിന്‍റെ മുഖത്തേറ്റ തിരിച്ചടിയാണിതെന്നും താനായിരുന്നുവെങ്കിൽ സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു.