ബിജെപിയുടെ വോട്ട് യുഡിഎഫിന് മറിച്ചേക്കാമെന്ന ആക്ഷേപം ബിജെപി ക്ക് ഗുണമായെന്നും കെ വി സാബു പറഞ്ഞു. അതുകൊണ്ട് എൻഡിഎയുടെ മുന്നണി സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് കെ വി സാബു അവകാശപ്പെടുന്നു.
കൊച്ചി: കൊല്ലത്ത് ബിജെപി വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർത്ഥി കെ വി സാബു. ബിജെപിയുടെ വോട്ട് യുഡിഎഫിന് മറിച്ചേക്കാമെന്ന ആക്ഷേപം ബിജെപി ക്ക് ഗുണമായെന്നും കെ വി സാബു പറഞ്ഞു. അതുകൊണ്ട് എൻഡിഎയുടെ മുന്നണി സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് കെ വി സാബു അവകാശപ്പെടുന്നു. സ്ഥാനാർഥി എന്ന നിലയിൽ തനിക്ക് കൊല്ലത്ത് ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ലെന്നും കെ വി സാബു കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ കൊല്ലത്ത് ബിജെപിയിൽ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. പ്രശാന്ത്, ബിജെപി ജില്ലാ ലീഗൽ സെൽ ഭാരവാഹി അഡ്വ.കൈലാസ് നാഥ് തുടങ്ങിയവരാണ് ബിജെപി വോട്ടുകൾ ചോരാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം ഭാരവാഹികളും പങ്കെടുക്കാത്തതും വിവാദമായി. വോട്ട് ചോർച്ച തടയാൻ ശ്രമിച്ച ഒരു വിഭാഗം ബിജെപി പ്രവർത്തകർ 'മേക് എ വിഷൻ' എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചതും വാർത്തയായി. ദുർബലനായ സ്ഥാനാർത്ഥിയെയാണ് ബിജെപി കൊല്ലത്ത് മത്സരിപ്പിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും പരാതിയുണ്ടായിരുന്നു.
