ഇവിഎം മെഷീനുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്‍റെ അസ്തമയവും ഇവിഎം വഴി തന്നെയാകും എന്നും മമത കൂട്ടിച്ചേര്‍ത്തു. 

കൊല്‍ക്കത്ത: ഇവിഎം മെഷീനുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്‍റെ അന്ത്യവും ഇവിഎം വഴി തന്നെയാകുമെന്ന് മമത ബാനര്‍ജി. ഈദ് സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ പരാമര്‍ശം. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു മമതയുടെ പ്രസംഗം. 

തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ തകര്‍ക്കുമെന്നും മമത പറഞ്ഞു. ബിജെപി അധികാരം നിലനിര്‍ത്തിയതിനെ സൂര്യോദയത്തോട് ഉപമിച്ചായിരുന്നു മമതയുടെ പ്രസംഗം. ഇവിഎം മെഷീനുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്‍റെ അസ്തമയവും ഇവിഎം വഴി തന്നെയാകും എന്നും മമത കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബിജെപി മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യത്തിന്‍റെ റ്റി ആര്‍ പി റേറ്റ് കുറഞ്ഞതുകൊണ്ടാണ് ബിജെപി 'ജയ് മഹാകാളി' എന്ന പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തിയതെന്നും അഭിഷേക് ബാനര്‍ജി പരിഹസിച്ചു. 

മഹാകാളിയുടെ നാടാണ് ബംഗാള്‍ എന്നും ബംഗാളില്‍ ബിജെപിയുടെ മുദ്രാവാക്യം ജയ് ശ്രീറാമും ജയ് മഹാകാളിയുമാണെന്ന് ബിജെപി തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഭിഷേക് ബാനര്‍ജിയുടെ പരാമര്‍ശം.